ന്യൂദല്‍ഹി-മെയ് 17ന് ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കാനിരിക്കെ കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് സൂചന. രാജ്യത്തെ സ്ഥിതിഗതികള്‍ മനസ്സിലാക്കാനും ചര്‍ച്ച ചെയ്യാനും പ്രധാനമന്ത്രി വിളിച്ച് ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടുന്നകാര്യം ചര്‍ച്ചയായത്. പ്രധാനമന്ത്രി വിളിച്ച ആറുമണിക്കൂറോളം നീണ്ട മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് 6 സംസ്ഥാനങ്ങളാണ് ആവശ്യപ്പെട്ടത്. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് ധാരണ.വിവിധ സംസ്ഥാനങ്ങള്‍ക്ക് ഗ്രീന്‍, ഓറഞ്ച്, റെഡ് സോണുകള്‍ നിര്‍ണയിക്കാന്‍ അനുമതിയുണ്ടാകും. ഇത്തരത്തില്‍ സോണുകളുടെ പട്ടിക തയ്യാറാക്കി 15ാം തീയതിക്ക് മുമ്പ് നല്‍കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ബിഹാര്‍, ഉത്തര്‍പ്രദേശ്, അസം, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ആവശ്യപ്പെട്ടത്. കേരളവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഉള്‍പ്പടെ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അടക്കം അനുവദിക്കണമെന്നാണ് യോഗത്തിലെടുത്ത നിലപാട്. മരണനിരക്ക് രാജ്യത്തെ തന്നെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന ഗുജറാത്ത് ലോക്ക്ഡൗണ്‍ നീട്ടരുതെന്നാണ് നിലപാടെടുത്തതെന്നത് ശ്രദ്ധേയമായി. ലോക്ക്ഡൗണില്‍ ഇളവുകളാകാമെങ്കിലും, ട്രെയിന്‍ ഗതാഗതം അനുവദിക്കരുതെന്ന് കേരളവും തെലങ്കാനയും ഒഡിഷയും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടി യോഗത്തില്‍ പങ്കെടുത്തിരുന്നു.
സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് തന്നെയാണ് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. കുടിയേറ്റത്തൊഴിലാളികളെ സഹായിക്കാനായി ഒരു സാമ്പത്തിക പാക്കേജ്, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങള്‍ക്ക് കൈത്താങ്ങ്, വിപണിയില്‍ ചലനമുണ്ടാക്കല്‍ എന്നിവയാകും സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളികള്‍