ബാർമെർ- രാജസ്ഥാനിലെ ബാർമെറിൽ കേന്ദ്രീയ വിദ്യാലയത്തിൽ ആറുവയസ്സുകാരിയെ മേശയിൽ കെട്ടിയിട്ട് അതിക്രൂരമായി കൂട്ടബലാൽസംഗത്തിനിരയാക്കി. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പോലീസ് സ്‌കൂളിലെ രണ്ടു തൂപ്പുകാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
സ്വാകാര്യഭാഗങ്ങളിൽ വേദനയെ തുടർന്നാണ് പിതാവ് കുട്ടിയുമായി ആശുപത്രിയിലെത്തിയത്. ലൈംഗികാതിക്രമം നടന്നതായി ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതോടെയാണ് സംഭവം പുറത്തു വന്നത്. ഉടൻ ഡോക്ടർമാർ പോലീസിൽ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്‌കൂളിലെത്തിയ പോലീസ് പരിശോധന നടത്തുകയും അധികൃതരെ ചോദ്യം ചെയ്യുകയും ചെയ്തു. സ്‌കൂളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. സംശയത്തെ തുടർന്നാണ് കൂടുതൽ ചോദ്യം ചെയ്യലിനായി രണ്ടു തൂപ്പുകാരെ കസ്റ്റഡിയിലെടുത്തത്.
സ്‌കൂളിലെ ടോയ്‌ലെറ്റിനു സമീപത്തെ മുറിയിൽ വച്ച് രണ്ടാം ക്ലാസുകാരിയായ കുട്ടിയെ മേശയിൽ കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്ന് പ്ിതാവ് നൽകിയ പരാതിയിൽ പറയുന്നു. കേസ് അന്വേഷണത്തിന് ഡെപ്യൂട്ടി പോലീസ് സുപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയോഗിച്ചു.
ഗുർഗ്രാമിലെ റയാൻ ഇന്റർനാഷണൽ സ്‌കൂളിൽ 12 വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിന്റേയും ഡൽഹിയിലെ സ്‌കൂളിൽ അഞ്ചുവയസ്സുകാരിയെ പ്യൂൺ പീഡിപിച്ച സംഭവത്തിന്റേയും പശ്ചാത്തലത്തിൽ പോലീസ് രാജസ്ഥാനിലെ അതിക്രമവും ഗൗരവത്തിലെടുത്തിട്ടുണ്ട്. സ്‌കൂളിലെ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച സിബിഎസ്ഇയും നടപടികൾ കർക്കശമാക്കാനൊരുങ്ങുകയാണ്.