മുംബൈ- മഹാരാഷ്ട്ര അസംബ്ലിയിലേക്ക് ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. ഈ മാസം 21 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു. ഒൻപത് സീറ്റുകളിലേക്കാണ്് തെരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹാ സഖ്യത്തിന് അഞ്ച് പേരെ വിജയിപ്പിക്കാനാകും. ബി.ജെ.പി നാലു സീറ്റിലും മത്സരിക്കും. നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെടാതെ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി സ്ഥാനത്തിന് ഭീഷണി നേരിട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്ന ഘട്ടത്തിൽ താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ നേരിട്ട് വിളിക്കുകയായിരുന്നു. തുടർന്നാണ് അനിശ്ചിതത്വം നീങ്ങിയത്.