Sorry, you need to enable JavaScript to visit this website.

നിരോധിത പുകയില ഉത്പന്നങ്ങൾ ബാലന്റെ കയ്യിൽ  നൽകി രക്ഷപ്പെടാൻ ശ്രമിച്ച കടയുടമ പിടിയിൽ

എടപ്പാൾ- നിരോധിത പുകയില ഉൽപന്നങ്ങൾ എട്ടു വയസ്സുകാരന്റെ കയ്യിൽ നൽകി രക്ഷപ്പെടാൻ ശ്രമിച്ച കട ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കടയിൽ ലഹരി നിറഞ്ഞ പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധനക്കെത്തിയപ്പോഴാണ് കടയുടമ നാടകീയരംഗം നടത്തിയത്. വെളിയങ്കോട്ടെ പലചരക്ക് കടയുടെ ഉടമ മജീദ് (46) ആണ് അറസ്റ്റിലായത്. ഇന്നലെ സമ്പൂർണ ലോക്ഡൗണായതിനാൽ അവശ്യ വസ്തുക്കൾ വിൽപ്പന നടത്തുന്ന കട എന്നതിനാലാണ് മജീദ് കട തുറന്നു വെച്ചിരുന്നത്. ഈ സമയം എട്ടു വയസ്സുകാരനായ അയൽവീട്ടുകാരൻ സാധനങ്ങൾ വാങ്ങാൻ കടയിലുണ്ടായിരുന്നു.

പോലീസ് സംഘം കടയിലേക്ക് പരിശോധനക്കായി എത്തിയതോടെ ചോക്ലേറ്റ് ബോക്‌സിൽ സൂക്ഷിച്ചിരുന്ന ഇരുപതു പാക്കറ്റ് ഹാൻസ് എട്ടു വയസ്സുകാരന്റെ കയ്യിൽ നൽകുകയായിരുന്നു. അമ്പരപ്പോടെ കുട്ടി നിന്നതോടെ കുട്ടിയുടെ കയ്യിലെ ബോക്‌സ് പോലീസ് പരിശോധിച്ചപ്പോഴാണ് കട ഉടമയെ കയ്യോടെ പിടികൂടിയത്. പ്രതിയെ പൊന്നാനി കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്ത് പെരിന്തൽമണ്ണ സബ്ജയിലിലേക്കയച്ചു. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് ഇളവ് ബാധകമായതിനാൽ അതു മുതലെടുത്ത് ഇത്തരം കടകളിൽ ഹാൻസ് ഉൾപ്പെടെ ലഹരി വസ്തുക്കൾ വൻതോതിൽ വിൽക്കുന്നതായി പോലീസ് പറയുന്നു.
അഞ്ചു രൂപ വിലയുള്ള ഒരു പാക്കറ്റ് 110 രൂപയ്ക്ക് വിൽപ്പന നടത്തി വൻ ലാഭം കൊയ്യാനാണ് അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളിൽ ഇവ വൻതോതിൽ എത്തുന്നതെന്ന് പൊന്നാനി എസ്.ഐ മഞ്ജിത്ത് ലാൽ മലയാളം ന്യൂസിനോട് പറഞ്ഞു.
 

Latest News