വഡോദര-ഒരുമാസത്തിലേറെയായി ഐസൊലേഷനില്‍ കഴിഞ്ഞ് ഒരു പത്തൊമ്പതുകാരന്‍. വഡോദരയിലെ ജയ് പട്‌നി എന്ന 19കാരനാണ് ഏഴുതവണ കോവിഡ് പരിശോധനക്ക് വിധേയനായിട്ടും ഫലം പോസിറ്റീവ്. എന്നാല്‍ രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടമല്ല.
വഡോദരയിലെ ഹൈ സ്പീഡ് റെയില്‍വെ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സജ്ജമാക്കിയ ഐസൊലേഷന്‍ വാര്‍ഡിലാണ് പട്‌നി. പട്‌നിയെ കൂടാതെ നിരവധി കോവിഡ് രോഗികളുണ്ട് ഇവിടെ. ഇവരില്‍ പലരും രോഗലക്ഷണങ്ങള്‍ പ്രകടമാകാത്തവരോ, ചെറിയ ലക്ഷണങ്ങള്‍ മാത്രമോ ഉള്ളവരാണ്. 'ചുമയില്ല, ക്ഷീണമില്ല, തലവേദന പോലുമില്ല. ഓരോ ദിവസം കഴിയും തോറും ആരോഗ്യം കൂടുതല്‍ മെച്ചപ്പെട്ടതു പോലെയാണ് തോന്നുന്നത്. ഈ വാര്‍ഡില്‍ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് വെറുതെ ഇടനാഴികളിലൂടെ നടക്കുന്നു. സിനിമ കണ്ടും ഫോണില്‍ സംസാരിച്ചും ഗെയിംകളിച്ചും സമയം തള്ളിനീക്കുകയാണ്'പട്‌നി പറയുന്നു.
മെയ് 12 ന് പട്‌നി നിരീക്ഷണത്തിലായിട്ട് ഒരുമാസം കഴിയും.ഏപ്രില്‍ 12നാണ് പട്‌നിക്കും മാതാപിതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. അയല്‍പക്കത്തെ കുട്ടി രോഗബാധിതനായി മരിച്ചതിനെ തുടര്‍ന്നാണ് അവര്‍ കോവിഡ് പരിശോധനക്കെത്തിയത്. കുട്ടിയുടെ മരണകാരണം കോവിഡാണെന്നാണ് അവര്‍ വിശ്വസിച്ചത്. എന്നാല്‍ പരിശോധിച്ചപ്പോള്‍ ഡെങ്കിപ്പനി ആണെന്ന് കണ്ടെത്തുകയായിരുന്നു. വഡോദരയിലെ എം.എസ് കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് പട്‌നി. വഡോദരയിലെ കോവിഡ് വ്യാപനകേന്ദ്രമായ നഗര്‍വാഡയിലാണ് കുടുംബം കഴിയുന്നത്.
പരിശോധനക്കു ശേഷം മൂവരെയും ഗോത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 20 ദിവസം പട്‌നി അവിടെ കഴിഞ്ഞു. 13 ദിവസത്തിനു ശേഷം മാതാപിതാക്കള്‍ക്ക് വീണ്ടും കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റിവായതിനാല്‍ അവരെ വീട്ടിലേക്ക് വിട്ടു. ഒരാഴ്ച മുമ്പ് പട്‌നിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കോവിഡ് പോസിറ്റീവായിട്ടും എന്തുകൊണ്ട് പട്‌നി ലക്ഷണങ്ങള്‍ കാണിക്കുന്നില്ല എന്നതിന് ഡോക്ടര്‍മാര്‍ ഉത്തരം നല്‍കിയിട്ടില്ല. ചെറിയ ലക്ഷണങ്ങള്‍ മാത്രം ഉള്ള രോഗികള്‍ക്ക് വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ അനുമതിയുണ്ട്.