ന്യൂദല്‍ഹി-ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി നാല് സംസ്ഥാനങ്ങള്‍. ബിഹാറും ഝാര്‍ഖണ്ടും ഒഡിഷയും തെലങ്കാനയുമാണ് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് ഈ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടം അവസാനിക്കാന്‍ ഇനി ഏഴ് ദിവസം മാത്രം അവശേഷിക്കുമ്പോള്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തും. നാളെ ഉച്ചയ്ക്ക് 3 മണിക്കാകും ചര്‍ച്ച. ഗുരുതരമായ രീതിയില്‍ കോവിഡ് ബാധിച്ച സംസ്ഥാനങ്ങളുടെ പ്രശ്‌നങ്ങളാകും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിക്കാനാണ് സാധ്യത. മൂന്നാം ലോക്ക്ഡൗണ്‍ വീണ്ടും നീട്ടണോ എന്ന കാര്യത്തില്‍ ഈ നിര്‍ണായകയോഗത്തിലെ അഭിപ്രായങ്ങള്‍ കൂടി വിലയിരുത്തിയാകും കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കുക.
ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ ലോകത്താകെയുള്ള കോവിഡ് കേസുകളില്‍ 1.3 ശതമാനമായിരുന്നു ഇന്ത്യയില്‍. ഇന്ന് ഇത് 1.55 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ആകെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ പതിനാലാമതാണ്. പുതിയ രോഗികളില്‍ 4.1 ശതമാനമാണ് ഇന്ത്യയില്‍. ഇതേ നിരക്കില്‍ കേസുകള്‍ ഉയര്‍ന്നാല്‍ ഒരാഴ്ചയില്‍ രോഗികളുടെ എണ്ണം ഇന്ത്യയില്‍ ചൈനയ്ക്ക് മുകളിലാകും.
ദേശീയ ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ ആവില്ലെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പട്ടിണി ദൃശ്യമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന നിലപാടില്‍ പ്രധാനമന്ത്രി നാളെ വ്യക്തത വരുത്തും.കുടിയേറ്റത്തൊഴിലാളികള്‍ കൂടി തിരികെ വരുന്നതോടെ, നിലവില്‍ ഗ്രീന്‍ സോണിലുള്ള നിരവധി പ്രദേശങ്ങള്‍ ഓറഞ്ചോ റെഡ് സോണിലേക്കോ തന്നെ മാറാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടി.