വാഷിങ്ടണ്‍- ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ യുഎസിലെ കന്‍സസില്‍ രോഗിയുടെ കുത്തേറ്റു മരിച്ചു. 21-കാരനായ ആക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനു പിന്നിലെ കാരണം പോലീസ് ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. ഹൈദരാബാദിനടുത്ത നല്‍ഗോണ്ടയില്‍ നിന്നുള്ള 57-കാരന്‍ സൈക്യാട്രിസ്റ്റ് അച്ചുത എന്‍ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. യുഎസ് സമയം ബുധനാഴ്ച വൈകുന്നേരം 7.22-നാണ് സ്വന്തം ക്ലിനിക്കിനു സമീപത്തു വച്ച് റെഡ്ഡി ആക്രമത്തിനിരയായത്. നിരവധി തവണ കുത്തേറ്റു ഗുരുതരമായി പരിക്കേറ്റ റെഡ്ഡി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. പോലീസെത്തുമ്പോള്‍ കെട്ടിടത്തിനു പിറകിലെ നടപ്പാതയില്‍ വീണു കിടക്കുകയായിരുന്നു.
ഉടന്‍ തന്നെ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കുകി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ കണ്ട്രി ക്ലബില്‍ നിന്ന് ശരീരത്തില്‍ രക്തംപുരണ്ട നിലയില്‍ സംശയകരമായ സാഹചര്യത്തില്‍ ആക്രമിയെ കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച ഇയാള്‍ ഏഷ്യന്‍ വംശജനായ ഉമര്‍ റാഷിദ് ദത്ത് ആണെന്ന് സ്ഥിരീകരിച്ചു. ഇയാള്‍ റെഡ്ഡിയുടെ അടുത്ത് ചികിത്സ തേടി വന്നിരുന്നതായും പോലീസ് പറഞ്ഞു.
റെഡ്ഡിയോടൊപ്പം ഇയാള്‍ കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കുന്നത് കണ്ടവരുണ്ട്. പിന്നീട് ദത്ത് ഒറ്റയ്ക്കു പുറത്തു വരുന്നതും ശ്രദ്ധയില്‍പ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച റെഡ്ഡിയെ കെട്ടിടത്തിനു പിന്നിലെ നടപ്പാതയിലിട്ടു തുരുതുരെ കുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.