Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോടമ്പാക്കം  കോവിഡ് ആസ്ഥാനമായി മാറി

ചെന്നൈ-ഒരു കാലത്ത് മലയാളിയുടെ സിനിമാസ്വപ്നങ്ങളുടെ പറുദീസയായിരുന്ന കോടമ്പാക്കം ഇപ്പോള്‍ കോവിഡ് ആസ്ഥാനമായി മാറിയിരിക്കുകയാണ്. ചെന്നൈ കോര്‍പറേഷനിലെ 15 സോണുകളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സോണായി കോടമ്പാക്കം മാറി കഴിഞ്ഞു. കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം കോടമ്പാക്കത്തു മാത്രം 461 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.കഴിഞ്ഞ 4 ദിവസങ്ങള്‍ കൊണ്ട് നഗരത്തിലെ കോവിഡ് പ്രഭവ കേന്ദ്രങ്ങളായിരുന്ന തിരുവിക നഗറിനെയും (448) റോയപുരത്തെയും (422) മറികടന്നാണു കോടമ്പാക്കം കോവിഡ് കേന്ദ്രമായി തീര്‍ന്നത്.തമിഴ്‌നാട്ടിലാകെ കോവിഡ് രണ്ടാം വ്യാപനത്തിന് കാരണമായ കോയമ്പേട് മാര്‍ക്കറ്റ് തന്നെയാണു കോടമ്പാക്കത്തും കോവിഡിന് കാരണമായത്. കോയമ്പേട് മാര്‍ക്കറ്റ് ഉള്‍പ്പെടുന്ന കോര്‍പറേഷന്‍ സോണാണ് കോടമ്പാക്കം.ഒരാഴ്ച മുന്‍പുവരെ കോടമ്പാക്കം സോണ്‍ നഗരത്തിലെ സുരക്ഷിത മേഖലകളിലൊന്നായിരുന്നു. എന്നാല്‍, കോയമ്പേട് മാര്‍ക്കറ്റ് കോവിഡ് പ്രഭവ കേന്ദ്രമായി മാറിയപ്പോള്‍ കോടമ്പാക്കത്തും സ്ഥിതി മാറി. അഞ്ചു ദിവസത്തിനിടെ 300ലേറെ കേസുകളാണു മേഖലയില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
നിലവില്‍ കോടമ്പാക്കം സോണില്‍ 22 കണ്ടെയ്ന്‍മെന്റ് മേഖലകളുണ്ട്. കോയമ്പേട് മാര്‍ക്കറ്റിനു പുറമേ, നഗരത്തിലെ റസിഡന്‍ഷ്യല്‍ മേഖലകളായ അശോക് നഗര്‍, കെകെ നഗര്‍, വ്യാപാര കേന്ദ്രമായ ടി നഗര്‍ എന്നിവ ഉള്‍പ്പെടുന്നതാണു കോടമ്പാക്കം സോണ്‍. ലോക്ഡൗണിനെത്തുടര്‍ന്നു ജോലിയില്ലാതായ മറ്റു മേഖലകളിലെ തൊഴിലാളികള്‍ക്ക് മൊബൈല്‍ യൂണിറ്റുകളില്‍ പച്ചക്കറി വില്‍ക്കാന്‍ കോര്‍പറേഷന്‍ അനുമതി നല്‍കിയിരുന്നു. ഇവര്‍ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നാണു പച്ചക്കറിയെടുത്തത്. മൊബൈല്‍ പച്ചക്കറി വ്യാപാരികള്‍ വഴി കോടമ്പാക്കം മേഖലയിലെ ഒട്ടേറെ പേര്‍ക്കു രോഗം പടര്‍ന്നു.
കോയമ്പേടിനു പിന്നാലെ തിരുവാണ്മിയൂര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടു നഗരത്തില്‍ പുതിയ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടുന്നു. മാര്‍ക്കറ്റിലെ പത്തോളം വ്യാപാരികള്‍ക്കു രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു മാര്‍ക്കറ്റ് തുറക്കുന്നതു വീണ്ടും നീട്ടിയിരിക്കുകയാണ്. അഡയാര്‍ സോണില്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 90 കോവിഡ് കേസുകളില്‍ ഭൂരിഭാഗവും തിരുവാണ്മിയൂര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവയാണ്.
സമ്പൂര്‍ണ ലോക്ഡൗണിനു തലേ ദിവസം ആയിരക്കണക്കിനാളുകളാണു മാര്‍ക്കറ്റില്‍ തടിച്ചു കൂടിയത്. ഇതിനു പിന്നാലെയാണ് മാര്‍ക്കറ്റിലെ വ്യാപാരിക്കു കോവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ കഴിഞ്ഞയാഴ്ച മാര്‍ക്കറ്റ് അടച്ചു. മൂന്നു ദിവസത്തേയ്ക്കാണു ആദ്യം അടച്ചതെങ്കിലും മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചതിനാല്‍ ഇതു നീട്ടിവയ്ക്കുകയായിരുന്നു.
തുടര്‍ച്ചയായ അഞ്ചാം ദിവസവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നതോടെ, തമിഴകത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 6000 കടന്നു. ആകെ രോഗികള്‍ 6009 ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് മരണം 40 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചെങ്കിലും എല്ലാവരും സമ്പര്‍ക്ക പട്ടികയിലുള്ളവരാണെന്നതു പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നില്ലെന്നത് ശുഭ സൂചനയാണ്. ഇന്നലെ 52 പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിന്നു രോഗ മുക്തരായി വീട്ടിലേക്കു മടങ്ങി. ഇതോടെ, രോഗം ഭേദമായി മടങ്ങിയവരുടെ എണ്ണം 1605 ആയി.
ചെന്നൈയില്‍ ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വീണ്ടും റെക്കോര്‍ഡ് ഭേദിച്ചു. ഇന്നലെ 399 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. കോയമ്പേട്, തിരുവാണ്മിയൂര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട് ക്ലസ്റ്ററില്‍പ്പെട്ടവരാണു ഭൂരിപക്ഷവും. ചെങ്കല്‍പേട്ട് (26), കടലൂര്‍ (34), ധര്‍മപുരി (2), കാഞ്ചീപൂരം (8), കന്യാകുമാരി (8), കൃഷ്ണഗിരി (2), മധുര (2), രാമനാഥപുരം (1), തെങ്കാശി (1), തേനി (1), തിരുവള്ളൂര്‍ (75), തിരുവണ്ണാമല (11), തിരുനല്‍വേലി (4), തിരുച്ചിറപ്പള്ളി (1), വിഴുപുരം (21) എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
 

Latest News