Sorry, you need to enable JavaScript to visit this website.

കോവിഡിന് ആയുര്‍വേദ ചികിത്സ; സ്വന്തം കമ്പനിയുടെ മരുന്ന് പരീക്ഷിച്ച ഫാര്‍മസിസ്റ്റ് മരിച്ചു

ചെന്നൈ- കോവിഡ് 19 നെ ചികിത്സിക്കാന്‍ സ്വന്തം കമ്പനി നിര്‍മിച്ച മരുന്ന് കഴിച്ച് ആയുര്‍വേദ ഫാര്‍മസിസ്റ്റ് മരിച്ചു. ചെന്നൈ ആസ്ഥാനമായ പ്രമുഖ ആയുര്‍വേദ മരുന്നുകമ്പനിയായ സുജാത ബയോടെകിലെ പ്രൊഡക്ഷന്‍ മാനേജരും ഒഫ്താല്‍മോളജിസ്റ്റുമായ കെ.ശിവനേശന്‍(47) ആണ് മരിച്ചത്. മരുന്നിലടങ്ങിയ മാരകമായ കെമിക്കലുകളാണ് മരണകാരണം.

വ്യാഴാഴ്ചയാണ് ഇവര്‍ മരുന്ന് പരീക്ഷണം നടത്തിയത്. കമ്പനിയുടെ ഉത്തരാഖണ്ഡിലെ പ്ലാന്റില്‍ ജോലി ചെയ്തിരുന്ന ശിവനേശന്‍ കോവിഡിന് 'പ്രതിവിധി'യായി പുതുതായി വികസിപ്പിച്ച ആയൂര്‍വേദ മരുന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ രാജ്കുമാറിനെ കാണിക്കാന്‍ വേണ്ടിയാണ് ചെന്നൈയില്‍ എത്തിയത്. ശിവനേശനൊപ്പം ഡോ രാജ്കുമാറും പുതിയ മരുന്നു കഴിച്ചിരുന്നു. അവശനിലയിലായ ഇരുവരേയും ഉടന്‍ ടി നഗറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവനേശന്‍ മരണപ്പെട്ടു. രാജ്കുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു.

നൈട്രിക് ഓക്‌സൈഡും സോഡിയം നൈട്രേറ്റും പ്രത്യേക അളവില്‍ ചേര്‍ത്താണ് ഇവര്‍ മരുന്നുണ്ടാക്കിയത്. സോഡിയം ഹൈഡ്രേറ്റും ഇതില്‍ ചേര്‍ത്തതായി പറയപ്പെടുന്നു. സോപ് നിര്‍മ്മാണത്തിനും പെട്രോളിയം ശുദ്ധീകരിക്കുന്നതിനും ഉപയോഗിക്കുന്നതാണ് രാസപദാര്‍ത്ഥമാണ് സോഡിയം ഹൈഡ്രേറ്റ്.

കോവിഡിന് പുതിയ മരുന്ന് വിപണിയില്‍ എത്തിക്കുന്നതോടെ വന്‍ ലാഭമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഇരുവരും.

Latest News