കൊല്‍ക്കത്ത- ആഴ്ചകള്‍ നീണ്ട ഇടവേളക്കുശേഷം ആഭ്യന്തര മന്ത്രി അമിത് ഷാ കള്ളം പറയാന്‍ വാ തുറന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. കുടിയേറ്റ തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പശ്ചിമ ബംഗാള്‍ അനുവാദം നല്‍കുന്നില്ലെന്ന് കള്ളം പറഞ്ഞ അമിത് ഷാ മാപ്പ് പറയണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി ആവശ്യപ്പെട്ടു.
താന്‍ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാന്‍ അമിത്ഷാക്ക് ബാധ്യതയുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കുടിയേറ്റ തൊഴിലാളികളെ എത്തിക്കാന്‍ എട്ട് ട്രെയിനുകള്‍ തയാറായിരുന്നുവെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുവദിച്ചില്ലെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റേയും അമിത് ഷായുടേയും ആരോപണത്തിനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മറുപടി.
മമതാ ബാനര്‍ജി ഒരിക്കലും തൊഴിലാളികളുടെ മടക്കം തടഞ്ഞിട്ടില്ലെന്നും നിങ്ങളുടെ കണ്‍മുന്നിലാണ് 16 തൊഴിലാളികള്‍ മരിച്ചതെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.