ഗാങ്‌ടോക്ക്-കൊറോണ വൈറസ് പടരാതിരിക്കാന്‍ ഏകദേശം രണ്ട് മാസം മുമ്പ് തന്നെ അതീവ ജാഗ്രത പുലര്‍ത്തിയ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമാണ് സിക്കിം. മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം അതീവ ജാഗ്രതയാണ് കൊറോണയെ പ്രതിരോധിക്കാന്‍ സിക്കിം പുലര്‍ത്തിയിരുന്നത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊറോണ ബാധിതമായ ഭൂട്ടാന്‍, നേപ്പാള്‍, ചൈന എന്നീ രാജ്യങ്ങളുമായി സിക്കിം അടുപ്പം പുലര്‍ത്തിയിരുന്നു എന്നതാണ് ഇതിന് കാരണം. സിക്കിമില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള പശ്ചിമ ബംഗാളിലെ കലിംപോ0ഗില്‍ ഏപ്രില്‍ ആദ്യ വാരം ഒരാള്‍ കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. ആ സമയത്ത് അപകടം സിക്കിമിന്റെ വാതിലില്‍ മുട്ടുകയാണ് എന്നതായിരുന്നു വാസ്തവ0.
അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ കൊറോണ പ്രതിരോധ നടപടികള്‍ ആരംഭിക്കുന്നതിനു0 ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ സിക്കിം കൊറോണയ്‌ക്കെതിരെ പോരാടാന്‍ ആരംഭിച്ചിരുന്നു. രാജ്യം അതീവ ജാഗ്രത പുലര്‍ത്തുന്നതിന് ആഴ്ചകള്‍ക്കുമുമ്പ് ഒരു കര്‍മപദ്ധതി നടപ്പാക്കുന്നുണ്ടെന്ന് സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങിന്റെ സെക്രട്ടറി എസ്ഡി ധക്കല്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് വൈറസ് പടരുന്നത് തടയാന്‍ സ്വീകരിച്ച നടപടികളും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ആദ്യ പടിയായി ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, സിനിമാ ഹാളുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ മാര്‍ച്ച് നാലിന് തന്നെ സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു.ആളുകളുടെ വലിയ കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു അത്. ഇന്ത്യചൈന ബോര്‍ഡറായ നതുലാ ഉള്‍പ്പടെ മൂന്നു രാജ്യങ്ങളുമായി പങ്കുവയ്ക്കുന്ന അതിര്‍ത്തികളുടെ അടച്ചുപൂട്ടലായിരുന്നു അടുത്ത പടി. രാംഗ്‌പൊ, മെല്ലി എന്നിങ്ങനെ പശ്ചിമ ബംഗാളിലെ രണ്ട് എന്‍ട്രിഎക്‌സിറ്റ് ഗേറ്റുകള്‍ മാത്രമാണ് സംസ്ഥാനം കനത്ത സുരക്ഷയോടെ തുറന്നിരുന്നത്. ജനുവരി 29 മുതല്‍ ആരോഗ്യ വിദഗ്ധര്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരുന്നു. സംസ്ഥാനത്ത് നിന്നും ഇതുവരെ പരിശോധനയ്ക്കായി അയച്ച 80 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്.