ന്യൂദല്‍ഹി- കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രം ശുദ്ധീകരിക്കാന്‍ വന്ന മുസ്‌ലിം യുവതിയാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. ദല്‍ഹി നെഹ്‌റു വിഹാറിലെ നവ് ദുര്‍ഗ ക്ഷേത്രം ശുദ്ധീകരിക്കാന്‍ ബുര്‍ഖ ധരിച്ചാണ് 32കാരിയായ ഇമ്രാന സൈഫിയെത്തിയത്.
അണുനാശിനിയുമായാണ് ആരോഗ്യപ്രവര്‍ത്തക കൂടിയായ ഇമ്രാന ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രവും പരിസരവും ശുദ്ധീകരിക്കാന്‍ അനുവാദം ചോദിച്ച ഇമ്രാനയെ സന്തോഷപൂര്‍വമാണ് പൂജാരി സ്വീകരിച്ചത്. റമദാന്‍ മാസത്തില്‍ പ്രദേശത്തെ അമ്പലങ്ങളും ഗുരുദ്വാരകളും പള്ളികളും എല്ലാം വൃത്തിയാക്കുന്നത് ഇമ്രാനയടങ്ങിയ മൂവര്‍ സംഘമാണ്. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇമ്രാന സിഎഎ പ്രതിഷേധത്തിനിടെ ആക്രമിക്കപ്പെട്ടവര്‍ക്ക് സഹായവുമായും രംഗത്തെത്തിയിരുന്നു.
ജഫ്രാബാദിലും മുസ്തഫാബാദിലും ചന്ദ്ബാഗിലും നെഹ്‌റു വിഹാറിലും ശിവ് വിഹാറിലും ബാബു നഗറിലുമാന് മൂന്നു കുട്ടികളുടെ അമ്മയായ ഇമ്രാനയുടെ സേവനം. ഇന്ത്യയുടെ മതേതരത്വ കാഴ്ചപാട് മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ഉയര്‍ത്തി പിടിക്കേണ്ടതുണ്ടെന്നാണ് ഇമ്രാന പറയുന്നത്. ഇതുവരെ ഒരു ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും ഒരു ക്ഷേത്രത്തിലും തങ്ങളെ തടഞ്ഞിട്ടില്ലെന്നും ഇമ്രാന പറയുന്നു.