ന്യൂദല്‍ഹി- ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള കേസിന്റെ വിചാരണ ഓഗസ്റ്റ് 31 നകം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി. ലഖ്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതിക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഒന്‍പത് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഈ സമയപരിധി ഏപ്രിലില്‍ അവസാനിക്കാനിരിക്കേ വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കൂടുതല്‍ സാവകാശം തേടിയിരുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള രാജ്യവ്യാപക ലോക്ഡൗണ്‍ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് സാവകാശം അനുവദിക്കണമെന്നായിരുന്നു ആവശ്യം.
ഇക്കാര്യം അംഗീകരിച്ച കോടതി ഓഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ഓര്‍മിപ്പിച്ചു.