ന്യൂദല്‍ഹി- രാജ്യത്തെ പ്രശസ്ത ഉന്നതവിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഐഐടി ഡല്‍ഹി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചറല്‍ റിസര്‍ച് തുടങ്ങി നൂറുകണക്കിന് പ്രമുഖ സ്ഥാപനങ്ങളെ വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കി. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍എ) പ്രകാരമുള്ള ഈ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. വാര്‍ഷിക വരവ് ചെലവു കണക്കുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ സ്ഥാപനങ്ങള്‍ നല്‍കുന്നില്ലെന്ന കാരണം പറഞ്ഞാണ് നടപടി.
ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത ഒരു സ്ഥാപനത്തിനും സംഘടനയ്ക്കും വിദേശത്തു നിന്നുള്ള സഹായം സ്വീകരിക്കാനാവില്ല. വിദേശത്തെ പൂര്‍വ വിദ്യാര്‍ത്ഥികളില്‍ നിന്ന് സംഭാവ സ്വീകരിക്കണമെങ്കില്‍ പോലും വിദ്യാഭ്യാസ സ്ഥാനപങ്ങള്‍ക്ക് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ നമ്പര്‍ നിര്‍ബന്ധമാണ്.
സുപ്രീം കോര്‍ട്ട് ബാര്‍ അസോസിയേഷന്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, ഇന്ദിരാഗാന്ധി നാഷണല്‍ ഓപണ്‍ യൂണിവേഴ്‌സിറ്റി, പഞ്ചാബ് യൂണിവേഴ്‌സിറ്റി, ഗാര്‍ഗി കോളെജ് ഡല്‍ഹി, ലേഡി ഇര്‍വന്‍ കോളെജ്, ഗാന്ധി പീസ് ഫൗണ്ടേഷന്‍, നെഹ്‌റു യുവ കേന്ദ്ര സംഘടന്‍, ഫിക്കി സോഷ്യോ ഇക്കണോമിക് ഡെവലപ്‌മെന്റ് ഫണ്ട് എന്നീ സംഘടനകളും സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നഷ്ടമായവയില്‍ ഉള്‍പ്പെടും.
2010-11 മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ ഈ സ്ഥാപനങ്ങള്‍ തങ്ങളുടെ വാര്‍ഷിക വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.