ലക്‌നൗ- ഉത്തര്‍ പ്രദേശിലെ ചരിത്രപ്രസിദ്ധമായ നഗരമായ അലഹാബാദിന്റെ പേര് മാറ്റി പുരാതനകാല പേരായ പ്രയാഗ്‌രാജ് എന്നാക്കാന്‍ ബിജെപി സര്‍ക്കാര്‍ നീക്കം. ഹിന്ദു സന്യാസിമാരുടെ പരമോന്നത സംഘടനയായ ഓള്‍ ഇന്ത്യ അഖാര പരിഷത്തിന്റെ ആവശ്യം പരിഗണിച്ചാണീ നീക്കം. പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ഗിരി പറഞ്ഞു.
തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ നഗരത്തിന്റെ സാംസ്‌കാരിക പൈതൃകവും മതപരമായ പ്രാധാന്യവും പ്രതിഫലിപ്പിക്കുന്നതിന് ഈ പേരുമാറ്റം അത്യാവശ്യമാണെന്ന് സന്യാസി സംഘം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഗിരി പറഞ്ഞു.
പുരാതന കാലത്ത് പ്രയാഗ് എന്നാണ് അലഹബാദ് നഗരം അറിയപ്പെട്ടിരുന്നത്. വഴിപാടുകളുടെ നാട് എന്നാണ് ഇതിനര്‍ത്ഥം. ഹൈന്ദവ വിശ്വാസികളുടെ മൂന്ന് വിശുദ്ധ നദികളായ ഗംഗ, യമുന, പുരാതന സരസ്വതി നദികളുടെ സംഗമവും അലഹാബാദിന്റെ പ്രത്യേകതയാണ്. 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കുംഭമേളയും ആര് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അര്‍ധകുംഭമേളയും അലഹാബാദിലാണ്. 2019-ലാണ് അടുത്ത അര്‍ധകുംഭമേള.
ചരിത്രകാരന്മാര്‍ പറയുന്നത് 1575-ലാണ് ഈ നഗരത്തിന് മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ ഇലാഹാബാദ് എന്ന പേരു നല്‍കിയത്. ദൈവത്തിന്റെ നാട് എന്നാണ് ഇതിനര്‍ത്ഥം. ഈ പേര് പിന്നീട് അലഹാബാദ് ആയി മാറുകയായിരുന്നു.