റാഞ്ചി- ഛത്തീസ്ഗഡിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍നിന്ന് 22 കുടിയേറ്റ തൊഴിലാളികള്‍ ചാടിപ്പോയി. തെലങ്കാനയില്‍നിന്ന് മടങ്ങിയെത്തിയ 22 തൊഴിലാളികളാണ് വ്യാഴാഴ്ച രാത്രി ക്വാറന്റൈന്‍ ലംഘിച്ച് കടന്നുകളഞ്ഞത്. വീട്ടില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്നതെന്ന് ദന്തേവാഡ ജില്ലാ കലക്ടര്‍ പറഞ്ഞു. ഇവര്‍ക്ക് കൊറോണ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നും തിരിച്ചെത്തുമ്പോഴുള്ള സ്വാഭാവിക നടപടിയുടെ ഭാഗമായാണ് ക്വാറന്റൈനില്‍ പാര്‍പ്പിച്ചതെന്നും കലക്ടര്‍ വ്യക്തമാക്കി.
"വ്യാഴാഴ്ച അരന്‍പൂരിലെത്തിയ ഇവരെയെല്ലാം ആരോഗ്യ പ്രവര്‍ത്തകര്‍ വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് രാത്രി പോലിസ് സ്റ്റേഷനില്‍ സ്ഥപിച്ച ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. അവിടെനിന്നാണ് ഇവര്‍ രക്ഷപെട്ടത്." - കലക്ടര്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ ഇതുഅവരെ സ്വന്തം ഗ്രാമത്തില്‍ എത്തിയതായി വിവരമില്ലെന്നും കലക്ടര്‍ പറഞ്ഞു.
ആന്ധ്ര പ്രദേശില്‍നിന്നും തെലങ്കാനയില്‍നിന്നും തിരിച്ചെത്തിയ 47 തൊഴിലാളികളെയാണ് ദന്തേവാഡയിലെ പോലിസ് സ്റ്റേഷന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്നത്.