ബെംഗളൂരു- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനുപയോഗിച്ച് തോക്ക് രണ്ടു വര്‍ഷം മുമ്പ് കന്നഡ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗിയെ വെടിവച്ചു കൊലപ്പെടുത്താന്‍ ഉപയോഗിച്ച അതേ തോക്ക് തന്നെയാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. ഗൗരി മരിച്ചു വീണിടത്തു നിന്ന് ലഭിച്ച വെടിയുണ്ടകളും കാട്രിഡ്ജുകളും പരിശോധിച്ചാണ് ഈ പ്രാഥമിക കണ്ടെത്തല്‍. രണ്ട് കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ചിട്ടുള്ളത് 7.65 എം എം നാടന്‍തോക്കാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു.
ഗൗരി വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് ഫോറന്‍സിക് റിപ്പോര്‍ട്ട് കൈമാറി. സംഘം ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തും. ഗൗരിയുടേയും കല്‍ബുര്‍ഗിയുടേയും കൊലപാതകങ്ങള്‍ക്ക് പരസ്പര ബന്ധമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബെംഗളൂരുവിലെ വീടിനു മുന്നില്‍ വച്ചാണ് സെപ്തംബര്‍ അഞ്ചിന് ഗൗരിയെ അജ്ഞാത ആക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. കല്‍ബുര്‍ഗി കര്‍ണാടകയിലെ ധാര്‍വാഡിലെ വീട്ടില്‍ വച്ച് 2015 ഓഗസ്റ്റ് 30-നാണ് കൊല്ലപ്പെട്ടത്.
ഗൗരിയുടെ ഹൃദയത്തില്‍ നിന്നും ശ്വാസകോശത്തില്‍ നിന്നുമായി മൂന്ന് വെടിയുണ്ടകളാണ് പോലീസ് കണ്ടെത്തിയത്. പാഴായ ഒരു വെടിയുണ്ടയും നാല് കാലി കാട്രിഡ്ജുകളും സംഭവസ്ഥലത്തു നടത്തിയ പരിശോധനയില്‍ പൊലീസ് കണ്ടെടുത്തിരുന്നു. ഇവയെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കല്‍ബുര്‍ഗിയെ കൊല്ലാനുപയോഗിച്ച വെടിയുണ്ടകളിലെത്തിയത്. രണ്ടു കൊലപാതകങ്ങള്‍ക്കും ഉപയോഗിച്ചിട്ടുള്ള വെടിയുണ്ടകളും കാട്രിഡ്ജുകളും വിശദമായി പരിശോധിച്ചപ്പോള്‍ ഒരേ തോക്ക് ഉപയോഗിച്ചാണ് രണ്ടു സംഭവങ്ങളിലും വെടിവച്ചിട്ടുള്ളതെന്ന് കണ്ടെത്തി. ഇതോടെ ഇരു കൊലപാതകങ്ങള്‍ക്കു പിന്നിലും ഒരോ സംഘം തന്നെയാണെന്ന സംശയം ബലപ്പെട്ടു.
തോക്കുകളില്‍ നിന്നുള്ള വെടിയുണ്ടകള്‍ ബാരലിലൂടെ പുറത്തു പോകുമ്പോള്‍ അതിനുമേല്‍ പതിയുന്ന അടയാളം ഓരോ തോക്കുകളിലും വ്യത്യസ്തമായിരിക്കും. ഒരു തോക്കില്‍ നിന്നു തന്നെയാണെങ്കില്‍ മാത്രമെ ഈ അടയാളങ്ങള്‍ പരസ്പരം പൊരുത്തപ്പെടൂ. ഈ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് 2015-ല്‍ യുക്തിവാദി നേതാവ് ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകത്തിന് ഗൗരി, കല്‍ബുര്‍ഗി കേസുകളുമായി ബന്ധമുണ്ടെന്ന് വെളിച്ചത്തു കൊണ്ടു വന്നിരിക്കുന്നു. പന്‍സാരെയെ കൊലപ്പെടുത്തിയതും 7.65 എം എം തോക്കുപയോഗിച്ചാണ്. പന്‍സാരെ വധക്കേസ് അന്വേഷിച്ച സംഘം സമാന തോക്ക് തന്നെയാണ് 2013-ല്‍ യുക്തവാദി നേതാവ് നരേന്ദ്ര ദബോല്‍ക്കറെ കൊലപ്പെടുത്താനും ഉപയോഗിച്ചതെന്നും കണ്ടെത്തിയിരുന്നു.