Sorry, you need to enable JavaScript to visit this website.

ലോക്ക്ഡൗണ്‍ എന്ന് തീരും? എന്താണ് മാനദണ്ഡം? സര്‍ക്കാര്‍ സുതാര്യമല്ലെങ്കില്‍ യുദ്ധം പരാജയപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- രാജ്യവ്യാപലമായി രണ്ട് മാസത്തോളമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വിവിധ ഘട്ടങ്ങളിലായി ദീര്‍ഘിപ്പിച്ച് നീട്ടിക്കൊണ്ടുപോകുന്നതിനിടെ സര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ നയങ്ങളെ ചോദ്യം ചെയ്ത് രാഹുല്‍ ഗാന്ധി. പുതിക്കിയ ലോക്ക്ഡൗണ്‍ മെയ് 17 ന് അവസാനിക്കാനിരിക്കേ രാജ്യവും സമ്പദ്‌വ്യവസ്ഥയും തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളോട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

'സർക്കാരിൻറെ പ്രവർത്തനങ്ങളിൽ ഇപ്പോൾ കുറച്ചെങ്കിലും സുതാര്യത നൽകേണ്ടതുണ്ട്. ലോക്ക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ അത് എന്ത് മാനദണ്ഡപ്രകാരമാണ് എന്ന് നമുക്ക് അറിയേണ്ടതുണ്ട്. ഇത് ഒരു ഓണ്‍-ഓഫ് സ്വിച്ച് അല്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണം. വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ മാത്രം നിലനിർത്തുകയാണെങ്കിൽ ഈ യുദ്ധം നമ്മള്‍ പരാജയപ്പെടും. പ്രധാനമന്ത്രി അധികാരം വിഭജിച്ചുനല്‍കാന്‍ തയാറാവണം.' വീഡിയോ പ്രസ്കോണ്‍ഫറന്‍സില്‍ അദ്ദേഹം പറഞ്ഞു. 

വൃദ്ധർ, പ്രമേഹം രോഗികള്‍, രക്താതിമർദ്ദം ഉള്ളവര്‍ തുടങ്ങി ചിലര്‍ക്ക് ഈ രോഗം അപകടകരമാണ്. എന്നാൽ ചിലര്‍ക്ക് ഇത് അപകടകരമായ രോഗമല്ല. നിലവിൽ ആളുകൾ വളരെ ഭയപ്പാടിലാണ്. ഇതിന് ഒരു മാനസിക മാറ്റം ആവശ്യമാണ്. സർക്കാർ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നുവെങ്കില്‍ ജനങ്ങളുടെ ഭയം ഒരു ആത്മവിശ്വാസമായി പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്.- മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.

കോവിഡ് രോഗത്തേയും ലോക്ക്ഡൗണ്‍ അനന്തര ഇന്ത്യയേയും കുറിച്ച് രാഹുല്‍ഗാന്ധി വിദഗ്ധരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തുന്നുണ്ട്. റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ, നോബൽ സമ്മാന ജേതാവ് അഭിജിത് ബാനർജി എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ആദ്യ രണ്ട് അതിഥികൾ.

കഴിഞ്ഞ ദിവസം സോണിയാഗാന്ധിയും, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ലോക്ക്ഡൗണ്‍ നയങ്ങളെകുറിച്ച് ജനങ്ങളോട് വിശദീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Latest News