Sorry, you need to enable JavaScript to visit this website.

അണ്ണാ ഹസാരെക്കൊപ്പമുള്ള സമരത്തിൽ തെറ്റുപറ്റി-തുറന്നുസമ്മതിച്ച് പ്രശാന്ത് ഭൂഷൺ

ന്യൂദൽഹി- രണ്ടാം യു.പി.എ സർക്കാറിനെ താഴെയിറക്കുന്നതിൽ നിർണായക പങ്കുവഹിച്ച അണ്ണാ ഹസാരയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിനൊപ്പം ചേർന്നതിൽ തെറ്റ് സംഭവിച്ചുവെന്ന് തുറന്ന് സമ്മതിച്ച് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. ലോക്പാൽ പ്രസ്ഥാനത്തിന്റെ പ്രയോജനം നരേന്ദ്ര മോഡിക്കും ബി.ജെ.പിക്കുമാണ് ലഭിക്കുക എന്നറിഞ്ഞിരുന്നെങ്കിൽ താനൊരിക്കലും പ്രസ്ഥാനത്തിന്റെ ഭാഗമാകില്ലായിരുന്നു എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസിന്റെ അഴിമതിയേക്കാൾ അപകടകരമായ വർഗീയ ഫാഷിസ്റ്റ് സർക്കാറാണ് ഇപ്പോൾ കേന്ദ്രത്തിൽ അധികാരത്തിലെന്നും അദ്ദേഹം പറഞ്ഞു. 
ദ വയറിൽ പ്രശാന്ത് ഭൂഷൺ എഴുതിയ ലേഖനത്തിന് മറുപടിയായി ഇതിൽ നിങ്ങൾക്കും പങ്കുണ്ടെന്ന് മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ ദിലീപ് മണ്ഡൽ ട്വീറ്റ് ചെയ്തതിന് മറുപടിയായാണ് പ്രശാന്ത് ഭൂഷണിന്റെ പോസ്റ്റ്. താങ്കൾ അന്നാ ഹസാരെയോടും, അരവിന്ദ് കെജ്‌രിവാളിനോടും, കിരൺ ബേഡിയോടും യോഗേന്ദ്ര യാദവിനോടും ചേർന്ന് ആർ.എസ്.എസിന്റെ ആൾക്കൂട്ടത്തിന് മുന്നിൽ യു.പി.എയ്‌ക്കെതിരെ പോരാടിയതാണ് മോഡിക്ക് അധികാരത്തിലേക്ക് വഴിയൊരുക്കിയത്. തീർച്ചയായും ഇതിനെല്ലാമുള്ള അന്തരീക്ഷം ഉണ്ടാക്കിയതിൽ നിങ്ങൾക്കും പങ്കുണ്ടെന്നായിരുന്നു ദിലീപ് മണ്ഡലിന്റെ ട്വീറ്റ്. ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേതൃത്വം നൽകുന്ന ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷൻ സംഘടിപ്പിച്ച അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൽ അരവിന്ദ് കെജ്‌രിവാളിനും യോഗേന്ദ്ര യാദവിനുമൊപ്പം പ്രശാന്ത് ഭൂഷണും പിതാവ് ശാന്തി ഭൂഷണും പങ്കെടുത്തിരുന്നു.
 

Latest News