Sorry, you need to enable JavaScript to visit this website.

കിടമത്സരങ്ങള്‍ ഒഴിവാക്കാം, സല്‍കർമങ്ങളില്‍ മുന്നേറാം

തിന്മകളും ദോഷങ്ങളും മനുഷ്യസഹജമാണ്. മനുഷ്യന്റെ സൃഷ്ടിപ്പില്‍ തന്നെ പ്രകൃതിഗുണമായി തിന്മകളോടുള്ള ആഭിമുഖ്യമുണ്ടെന്നാണ് ഖുര്‍ആന്‍ പറയുന്നത്. 'തീര്‍ച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ' (ഖുര്‍ആന്‍ 12:53). പൈശാചിക ദുഃസ്വാധീനങ്ങള്‍ കാരണമോ അലസവേളകളില്‍ മനസ്സില്‍ കടന്നുവരുന്ന ദുഷ്ചിന്തകള്‍ കാരണമോ ആണ് വിശ്വാസികളില്‍ തിന്മകളും ദോഷങ്ങളും വര്‍ദ്ധിക്കുന്നത്. തിന്മകളും ദോഷങ്ങളും വര്‍ദ്ധിച്ച് മനസ്സും ശരീരവും പാപപങ്കിലമായിക്കഴിഞ്ഞാല്‍ അവിടങ്ങളില്‍ നന്മയുടെ അടയാളങ്ങള്‍ പാടെ മായ്ഞ്ഞുപോകും. അതിനാല്‍ പാപക്കറകള്‍ മനസ്സിലും ശരീരത്തിലും ഒട്ടിപ്പിടിക്കാതിരിക്കാന്‍ രണ്ടു കാര്യങ്ങള്‍ ചെയ്യുവാനാണ് വിശ്വാസികളോട് സൃഷ്ടാവ് നിര്‍ദേശിച്ചിട്ടുള്ളത്. ഇടമുറിയാത്ത പശ്ചാത്താപവും പാപമോചനത്തിന് വേണ്ടിയുള്ള അര്‍ഥനകളുമാണ് ഒന്ന്. നിരന്തരമായ സല്‍പ്രവൃത്തികളാണ് മറ്റൊന്ന്. വിശുദ്ധ ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു: 'സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോട് പശ്ചാത്തപിക്കുക. നിഷ്‌കളങ്കമായ പശ്ചാത്താപം നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം.' (ഖുര്‍ആന്‍ 66:8). 'തീര്‍ച്ചയായും സല്‍കര്‍മങ്ങള്‍ ദുഷ്‌കര്‍മങ്ങളെ നീക്കിക്കളയുന്നതാണ്.' (ഖുര്‍ആന്‍ 11:114).
റമദാന്‍ പാപങ്ങള്‍ കഴുകിക്കളയാനുള്ള സുവര്‍ണാവസരമാണ്. റമദാനില്‍ വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടും വ്രതാനുഷ്ഠാനവും രാത്രി നമസ്‌കാരവും നിര്‍വഹിക്കുന്നവരുടെ കഴിഞ്ഞു പോയ പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കുമെന്ന് പ്രവാചകന്‍ (സ്വ) അരുള്‍ ചെയ്തിരിക്കുന്നു. വിശ്വാസം (ഈമാന്‍), പ്രതിഫലേച്ഛ (ഇഹ്തിസാബ്) എന്നീ രണ്ടു സുപ്രധാനമായ ഘടകങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റ് കൂട്ടണം. കൃത്യമായ ഉദ്ദേശ്യത്തോടെയും ആത്മാര്‍ഥതയോടെയും ആയിരിക്കണം പുണ്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടത്. 'ഈമാനും' 'ഇഹ്തിസാബും' പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നതിനുള്ള നിദാനങ്ങളായി പ്രവാചകന്‍ പഠിപ്പിച്ചു. അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസത്തിനാണ് ഈമാന്‍ എന്ന് പറയുന്നത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന് പ്രതിഫലം ലഭിക്കണമെന്ന അദമ്യമായ ആഗ്രഹത്തിനാണ് 'ഇഹ്തിസാബ്' എന്ന് പറയുന്നത്. ഇവ രണ്ടുമില്ലാത്ത കേവല ചടങ്ങുകളായി റമദാനിലെ ആരാധനകളും സല്‍പ്രവര്‍ത്തികളും മാറിക്കഴിഞ്ഞാല്‍ പരലോകത്ത് ഒരുനിലയ്ക്കും അവ പ്രതിഫലിക്കില്ല. അതോടൊപ്പം ഈമാനിനെയും ഇഹ്തിസാബിനെയും നശിപ്പിക്കുന്ന തരത്തിലുള്ള ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും പുണ്യപ്രവര്‍ത്തികളെ ബാധിക്കുക കൂടി ചെയ്താല്‍ പുണ്യങ്ങള്‍ക്ക് പകരം അവ പാപങ്ങളായിട്ടായിരിക്കും അന്ത്യനാളില്‍ അയാളുടെ പ്രവര്‍ത്തനരേഖയില്‍ രേഖപ്പെടുത്തപ്പെടുക.
സല്‍പ്രവര്‍ത്തികളെന്ന പേരില്‍ മനുഷ്യര്‍ ചെയ്യുന്ന പല കാര്യങ്ങള്‍ക്കും പ്രതിഫലം നല്‍കപ്പെടാതെ പോവുകയാണെങ്കില്‍ അതിലേറെ വലിയ നഷ്ടം വേറെ എന്തുണ്ട്. ഇഹവും പരവും നഷ്ടമാകുന്ന ഈ അവസ്ഥയെ വളരെ കരുതലോടെയാണ് വിശ്വാസി കാണേണ്ടത്. പരലോകത്ത് മനുഷ്യര്‍ ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ രണ്ടു തരത്തിലുള്ള ആളുകളെ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. പ്രസന്നമായ വദനങ്ങളോടെ പ്രത്യക്ഷപ്പെടുന്നവരാണ് ഒരു വിഭാഗമെങ്കില്‍ ഭയചകിതമായ മുഖഭാവങ്ങളോടെയാണ് മറ്റൊരു വിഭാഗം കഴിയേണ്ടി വരിക. അവരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: 'അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മ കാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. ചൂടേറിയ അഗ്‌നിയില്‍ അവ പ്രവേശിക്കുന്നതാണ്.' (ഖുര്‍ആന്‍ 88:2-4). ക്ഷീണിച്ച് അവശരാകാന്‍ മാത്രം ഭൂമിയില്‍ അവര്‍ പ്രവര്‍ത്തനനിരതരായിരുന്നു. പക്ഷെ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് പരലോകത്ത് ഉപകരിക്കുന്നില്ല. ഖുര്‍ആന്‍ വീണ്ടും പറയുന്നു: 'പറയുക: കര്‍മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച് നാം നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? ഐഹിക ജീവിതത്തിലെ തങ്ങളുടെ പ്രയത്‌നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം  നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്.' (ഖുര്‍ആന്‍ 18-103, 104). ചെയ്യുന്നത് സല്‍പ്രവൃത്തികളാണെങ്കിലും നല്ല ഉദ്ദേശ്യമില്ലെങ്കില്‍ തീര്‍ച്ചയായും അവ ധൂളികളായി മാറുമെന്നാണ് നാം മനസ്സിലാക്കേണ്ടത്.  അതുകൊണ്ടാണ് പ്രവാചകന്‍ (സ്വ) ഇപ്രകാരം പറഞ്ഞത്: 'ഓരോ പ്രവര്‍ത്തനം ചെയ്യുമ്പോഴും അതിന്റെ പിറകില്‍ ഒരു ഉദ്ദേശ്യമുണ്ടായിരിക്കും. ഓരോരുത്തരും അവര്‍ എന്താണോ ഉദ്ദേശിച്ചത് അതാണ് അവര്‍ക്ക് ലഭിക്കുക' (ബുഖാരി). ഐഹിക ജീവിതത്തിലെ ചില്ലറ നേട്ടങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ഒരാള്‍ പുണ്യം ചെയ്യുന്നതെങ്കില്‍ അത് ദൈവിക മാര്‍ഗത്തിലുള്ള പുണ്യപ്രവര്‍ത്തനമല്ല എന്നും അത്തരം ഉദ്ദേശ്യങ്ങളോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം ലഭ്യമാകില്ല എന്നുമാണ് പ്രവാചക വചനത്തിന്റെ പൊരുള്‍.  
സൃഷ്ടാവിന്റെ പ്രീതി ലക്ഷ്യമാക്കി ചെയ്യേണ്ട പുണ്യപ്രവൃത്തികള്‍ സൃഷ്ടികളുടെ അംഗീകാരത്തിനും ഇഷ്ടത്തിനും വേണ്ടി ചെയ്യുന്നത് വലിയ അപരാധമായിട്ടാണ് പ്രവാചകന്‍ (സ്വ) പഠിപ്പിച്ചത്. 'നിസ്സംശയം സംഭവിക്കാനിരിക്കുന്ന അന്ത്യനാളില്‍ വിളിച്ചുപറയപ്പെടും. അല്ലാഹുവിന്റെ പ്രീതിക്കായി ചെയ്യേണ്ട കാര്യങ്ങള്‍ ആരെങ്കിലും അല്ലാഹുവല്ലാത്തവരുടെ പ്രീതിക്കായി ചെയ്തിട്ടുണ്ടെങ്കില്‍ പരലോകത്ത് അവര്‍ പ്രതിഫലം അല്ലാഹു അല്ലാത്തവരോട് ചോദിച്ചുകൊള്ളട്ടെ' (തുര്‍മുദി). 'ഐഹിക ജീവിതത്തെയും അതിന്റെ അലങ്കാരത്തെയുമാണ് ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ ഇഹലോകത്ത് വെച്ച് അവര്‍ക്ക് നാം നിറവേറ്റികൊടുക്കുന്നതാണ്. അവര്‍ക്ക് ഇഹലോകത്ത് യാതൊരു കുറവും വരുത്തപ്പെടുകയില്ല. പരലോകത്ത് നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടര്‍. അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ.' (ഖുര്‍ആന്‍ 11- 15, 16) എന്ന വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു അബ്ബാസ് (റ) പറയുന്നു: 'ജനങ്ങളെ കാണിക്കാന്‍ വേണ്ടി നമസ്‌കാരം, നോമ്പ്, രാത്രി നമസ്‌കാരം തുടങ്ങിയ നന്മകള്‍ ചെയ്തവര്‍ക്ക് ഇഹലോകത്ത് തന്നെ പ്രതിഫലം നല്‍കപ്പെടും. എന്നാല്‍ പരലോകത്ത് അത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ വൃഥാവിലാവുകയും ചെയ്യും'. പ്രവാചകന്‍ (സ്വ) പറഞ്ഞു: 'ഞാന്‍ നിങ്ങള്‍ക്ക് ഭയപ്പെടുന്നത് ഗോപ്യമായ ശിര്‍ക്കിനെയാണ്.' അനുചരന്മാര്‍ ചോദിച്ചു: 'പ്രവാചകരെ, എന്താണ് ഗോപ്യമായ ശിര്‍ക്ക്?' അദ്ദേഹം പറഞ്ഞു: 'ജനങ്ങളെ കാണിക്കാന്‍ ചെയ്യുന്ന സല്‍പ്രവൃത്തികള്‍.' അവരോട് അല്ലാഹു പറയും: 'നിങ്ങള്‍ ആരെ കാണിക്കാന്‍ വേണ്ടിയായിരുന്നോ പുണ്യം ചെയ്തിരുന്നത്, പ്രതിഫലം അവരോടു തന്നെ ചോദിക്കുക'. (അഹ്മദ്),  
ഇത്തിരി ചെയ്യുമ്പോഴേക്ക് ഒത്തിരി പ്രശംസിക്കപ്പെടാനാണ് ഇന്ന് പൊതുവില്‍ എല്ലാവര്‍ക്കും താല്‍പര്യം. ഒരുപക്ഷെ അത് മനുഷ്യ പ്രകൃതിയുടെ ഭാഗമായിരിക്കാം. എന്നാല്‍ അമിത പ്രശംസകളും പെരുമകളും ലൈക്കുകളും പുണ്യം ചെയ്യുന്ന ഒരു നല്ല മനുഷ്യന്റെ ഉദ്ദേശ്യത്തെ സാരമായി ബാധിച്ചേക്കാം. മൂല്യവും ആത്മാര്‍ഥതയും അതുവഴി നഷ്ടപ്പെട്ടേക്കാം. ഒടുവില്‍ പരലോകത്ത് പ്രതിഫലം നഷ്ടപ്പെടുകയും ശിക്ഷ നല്‍കപ്പെടുകയും ചെയ്യുകയായിരിക്കും അതിന്റെ ഫലം. അല്ലാഹു പറയുന്നു: 'തങ്ങള്‍ ചെയ്തതില്‍ സന്തോഷം കൊള്ളുകയും ചെയ്തിട്ടില്ലാത്ത കാര്യത്തിന്റെ പേരില്‍ പ്രശംസിക്കപ്പെടാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ വിഭാഗത്തെപ്പറ്റി അവര്‍ ശിക്ഷയില്‍നിന്ന് മുക്തമായ അവസ്ഥയിലാണെന്ന് നീ വിചാരിക്കരുത്. അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്.' (ഖുര്‍ആന്‍ 3- 188). തന്റെയോ താന്‍ ഉള്‍ക്കൊള്ളുന്ന കൂട്ടായ്മയുടെയോ പ്രവര്‍ത്തനങ്ങള്‍ എത്ര പേര്‍ കണ്ടു, എത്ര പേര്‍ ഇഷ്ടപ്പെട്ടു തുടങ്ങിയ അന്വേഷണങ്ങള്‍ പോലും സല്‍പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യത്തെയും ആത്മാര്‍ഥതയെയും ബാധിക്കുമെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. വ്യക്തികളുടെയും കൂട്ടായ്മകളുടെയും പേരില്‍ നടന്നുകൊണ്ടിരിക്കുന്ന പുണ്യ പ്രവൃത്തികള്‍ ധാരാളമാണ്. എന്നാല്‍ അവയുടെ പേരിലുള്ള കിടമത്സരങ്ങള്‍ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും വഴിതെറ്റിക്കും. വിയോജിപ്പുകള്‍ ഉള്ളപ്പോഴും മറ്റുള്ളവരുടെ സല്‍പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനുള്ള മനസ്സ് ഒരു വിശ്വാസിക്ക് നിര്‍ബന്ധമാണ്. മറ്റുള്ളവരിലെ കുറ്റവും കുറവും അന്വേഷിക്കുന്നതും നമ്മുടെ സല്‍പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കും. ചെയ്ത കാര്യങ്ങള്‍ എടുത്തുപറയുന്നതും ചെയ്തുകൊടുത്ത കാര്യങ്ങളുടെ പേരില്‍ ഭൗതിക വിഭവങ്ങള്‍ ആവശ്യപ്പെടുന്നതും ദാനധര്‍മങ്ങള്‍ അടക്കമുള്ള പുണ്യങ്ങളെ നിഷ്ഫലമാക്കുന്നതാണെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. (2- 264). ഈമാന്‍, ഇഹ്തിസാബ്, ഇഖ്ലാസ്, ഇത്തിബാഅ് എന്നീ നാലുകാര്യങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റ് കൂട്ടി കുറ്റമറ്റ ഹൃദയത്തോടെ അല്ലാഹുവിനെ കണ്ടുമുട്ടിയാല്‍ മാത്രമേ പരലോകത്ത് പ്രതിഫലത്തിന് അര്‍ഹമാവുകയുള്ളൂ.

 

Latest News