ബഗ്ദാദ്- ആറുമാസത്തെ രാഷ്ട്രീയ അസ്ഥിരതയ്ക്കൊടുവില്‍ ഇറാഖില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. രഹസ്യാന്വേഷണ മേധാവിയും മുൻ പത്രപ്രവർത്തകനുമായ മുസ്തഫ അൽ കാദിമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി. വൻതോതിലുള്ള സർക്കാർ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കൊപ്പം സമ്പൂര്‍ണ ഭരണ നവീകരണം ആവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് അബ്ദുല്‍ മഹ്ദിയുടെ നേതൃത്വത്തിലുള്ള മുന്‍സര്‍ക്കാര്‍ ആറ് മാസങ്ങള്‍ക്ക് മുമ്പാണ് മന്ത്രി സഭ പിരിച്ചുവിട്ടത്. എന്നാല്‍ ഇതിന് ശേഷം പുതിയ സഭയില്‍ മന്ത്രിസ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കവും എല്ലാ പാര്‍ട്ടികള്‍ക്കും സ്വീകാര്യനായ ഒരു പ്രധാനമന്ത്രിയെ കണ്ടെത്തുന്നതിനുള്ള കാലതാമസവും കാരണം കടുത്ത പ്രതിസന്ധിയിലായിരുന്നു ഈ അറബ് രാജ്യം.
"നമ്മുടെ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നമ്മുടെ സുരക്ഷ, സമ്പദ്‌വ്യവസ്ഥ, സാമൂഹികം, ആരോഗ്യ സംരക്ഷണം എന്നിവയിൽ പോലും ഇറാഖ് നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. എന്നാല്‍ ഇവയെ നേരിടാനുള്ള നമ്മുടെ നിശ്ചയദാര്ഢ്യത്തേക്കാള്‍ വലുതല്ല ഒരു വെല്ലുവിളിയും" സ്ഥാനാരോഹണത്തിന് ശേഷം പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി പറഞ്ഞു.
സങ്കീര്‍ണമായ ഇറാഖ് ഭരണ സംവിധാനത്തില്‍ നിരവധി പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഖാദിമി സര്‍ക്കാര്‍ അധികാരമേറ്റത്. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വൈദ്യുതി എന്നിവയുൾപ്പെടെയുള്ള കാബിനറ്റ് തസ്തികകളിലേക്കുള്ള കാദിമിയുടെ നോമിനികള്‍ ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയോടെ പാസായി. ഘടകകക്ഷികള്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് എണ്ണ, വിദേശകാര്യ വകുപ്പുകളിലേക്കുള്ള വോട്ടെടുപ്പ് വൈകുകയുണ്ടായി. എന്നാല്‍ നീതി, കൃഷി, വ്യാപാരം തുടങ്ങിയ വകുപ്പുകളിലേക്ക് പ്രധാനമന്ത്രിയുടെ സ്ഥാനാര്‍ഥികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടില്ല.