Sorry, you need to enable JavaScript to visit this website.

കോവിഡ് വാർഡിൽ രോഗികൾക്ക് കൂട്ട് മൃതദേഹങ്ങള്‍; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ച് എംഎല്‍എ

മുംബൈ- മുംബൈയിലെ ആശുപത്രിയില്‍ കോവിഡ് ബാധിതര്‍ കഴിയുന്നത് മൃതദേഹങ്ങള്‍ക്കൊപ്പം. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നടത്തുന്ന സിയോണ്‍ ആശുപത്രിയില്‍നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങള്‍ മഹാരാഷ്ട്ര ബിജെപി നിയമസഭാംഗം നിതേഷ് എന്‍ റാണെയാണ് പുറത്തുവിട്ടത്. 

കോവിഡ് 19 രോഗികളെ ചികിത്സിക്കുന്ന വാര്‍ഡില്‍ അരഡസനില്‍ അധികം മൃതദേഹങ്ങളാണ് പൊതിഞ്ഞുകെട്ടിയ നിലയില്‍ സൂക്ഷിച്ചിരിക്കുന്നത്. തൊട്ടടുത്ത കിടക്കകളിലെല്ലാം രോഗികളുണ്ട്. ഇതിനുപുറമേ വാര്‍ഡില്‍ യാതൊരു സുരക്ഷാ മുന്‍കരുതലുമില്ലാതെ ഒരു കോവിഡ് രോഗിയെ പരിചരിക്കുന്ന യുവതിയേയും കാണാം.

‘സിയോൺ ഹോസ്പിറ്റലിൽ ആണിത്… രോഗികൾ കിടന്നുറങ്ങുന്നത് മൃതദേഹങ്ങളുടെ അടുത്ത്! ഇത് വളരെ കഠിനമാണ്. എന്ത് ഭരണമാണിത്. വളരെ വളരെ നാണക്കേടുണ്ടാക്കുന്നത്’ ട്വീറ്റിൽ വിഡിയോ പങ്കുവച്ചുകൊണ്ട് നിതീഷ് കുറിച്ചു.

മുംബൈയിലെ എല്‍ടിഎംജി ആശുപത്രിയില്‍(സിയോണ്‍ ആശുപത്രി) നിന്നുള്ളതാണ് വീഡിയോ. ആശുപത്രിയില്‍ ചില ജോലികള്‍ക്കായി പോയ ഒരു ആക്ടിവിസ്റ്റാണ് ഇത് ചിത്രീകരിച്ചത്. ഇക്കാര്യം മഹാരാഷ്ട്ര ഗവര്‍ണറുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും റാണ എ‌എന്‍‌ഐയോട് പ്രതികരിച്ചു.

അതേസമയം വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. മഹാരാഷ്ട്ര സര്‍ക്കാരോ ആശുപത്രി അധികൃതരോ ഇതുസംബന്ധിച്ച് വിശദീകരണം നൽകിയിട്ടില്ല.

Latest News