Sorry, you need to enable JavaScript to visit this website.

ഗുജറാത്തില്‍ കൊറോണ പ്രതിരോധം കൈവിട്ടുപോകുന്നു; സഹായം ചോദിച്ച് അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്


അഹമ്മദാബാദ്- കൊറോണ പ്രതിസന്ധി പരിഹരിക്കാതെ നട്ടംതിരിയുകയാണ് പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്ത്. മരണങ്ങളുടെ കണക്കിലും വ്യാപനത്തിലും ഗുജറാത്ത് മുമ്പിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലും പ്രതിസന്ധിയെ ശരിയായ രീതിയില്‍ നേരിടാനാകാതെ ദുരിതത്തിലാണ് സംസ്ഥാനം.  കൊറോണ മരണങ്ങള്‍ സംസ്ഥാനത്ത് കുത്തനെ കൂടുകയാണെന്നും കാര്യങ്ങള്‍ പൂര്‍ണമായും കൈവിട്ട് പോകുന്നതിന് മുമ്പെ ഉയര്‍ന്ന പരിചയസമ്പത്തുള്ള മെഡിക്കല്‍ വിദഗ്ധരുടെ സംഘത്തെ ഗുജറാത്തിലേക്ക് അയക്കണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായോട് കത്തെഴുതി ആവശ്യപ്പെട്ടു.

ഇവരുടെ നേതൃത്വത്തിലായിരിക്കണം മെഡിക്കല്‍ സംഘം പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം കത്തില്‍ പറയുന്നു. 6.1% ആണ് അഹമ്മദാബാദിലെ കൊറോണ മരണനിരക്ക്. ദേശീയ ശരാശരിയുടെ ഇരട്ടിയാണിത്. അഹമ്മദാബാദില്‍ മാത്രം 4425 കോവിഡ്-19 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 273 മരണങ്ങളാണ് ഉണ്ടായത്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മികച്ച ചികിത്സ നല്‍കുന്നതിനും മെഡിക്കല്‍ സംഘത്തിന് ആത്മവിശ്വാസം പകരുന്നതിനും മുതിര്‍ന്ന ഡോക്ടര്‍മാരുടെ സാന്നിധ്യം ആവശ്യമാണെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ച് എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ അടക്കമുള്ള മുതിര്‍ന്ന മൂന്നംഗ ഡോക്ടര്‍മാരുടെ സംഘം അഹമ്മദാബാദ് സന്ദര്‍ശിച്ചേക്കും.
 

Latest News