Sorry, you need to enable JavaScript to visit this website.

വാതകചോര്‍ച്ചാ ദുരന്തം; മരണം ഏഴായി, 20 ഓളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു

ആന്ധ്രപ്രദേശ്- വിശാഖപട്ടണത്ത് പോളിമര്‍ കമ്പനിയില്‍ നിന്ന് രാസവാതകം ചോര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. നിലവില്‍ ഏഴ് പേര്‍ മരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. അഞ്ച് കിലോമീറ്ററിലധികം വിഷവാതകം വ്യാപിച്ചതിനെ തുടര്‍ന്ന് 20 ഓളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ് അധികൃതര്‍. നിലവില്‍ അമ്പതില്‍പരം ആളുകള്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇരുന്നൂറോളം ആളുകള്‍ സ്വന്തം വീടുകളില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. ഇവരെ ഒഴിപ്പിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. വെങ്കിട്ടപുരം ഗ്രാമത്തിലെ എല്‍ജി പോളിമര്‍ കമ്പനിയില്‍ നിന്നാണ് വിഷവാതകം ചോര്‍ന്നത്. വീടുകളില്‍ അകപ്പെട്ടവര്‍ വിഷവാതകം ശ്വസിച്ച് ബോധരഹിതരായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചില്ലെങ്കില്‍ വന്‍ ദുരന്തമായിരിക്കും ഉണ്ടാകുക. ഗ്രാമത്തില്‍ നിന്ന് പുറത്തെത്താന്‍ കിലോമീറ്ററുകളോളം കാല്‍നടയായി യാത്ര ചെയ്യേണ്ട സ്ഥിതിയുള്ളതിനാല്‍ പലരും വഴികളില്‍ ബോധരഹിതരായി വീണിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ആളുകളെ ഒഴിപ്പിക്കാന്‍ പോലിസ് ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
 

Latest News