ന്യൂദൽഹി- ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിൽ ഫാക്ടറിയിലുണ്ടായ വിഷവാതക ചോർച്ചയിൽ അഞ്ചു പേർ മരിച്ചു. ഒരു കുട്ടിയും മരിച്ചവരിൽ ഉൾപ്പെടും. ഇരുന്നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എൽ.ജി പോളിമേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി നാഷണൽ കമ്പനിയിലാണ് ദുരന്തമുണ്ടായത്. ഫാക്ടറിക്ക് സമീപത്ത് താമസിക്കുന്നവരാണ് അപകടത്തിൽ പെട്ടത്. കണ്ണിന് അസ്വസ്ഥതയും ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്തവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക മാറ്റി. മുൻകരുതലിന്റെ ഭാഗമായി ഈ മേഖലയിൽ താമസിക്കുന്നവരോട് വീടിന് പുറത്തേക്ക് ഇറങ്ങരുതെന്ന് വിശാഖപട്ടണം മുനിസിപ്പൽ അധികൃതർ ആവശ്യപ്പെട്ടു. പരിക്കേറ്റവരെയുമായി ആശുപത്രിയിലേക്ക് ആളുകൾ നെട്ടോട്ടമോടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. 1961-ൽ സ്ഥാപിച്ച ഹിന്ദുസ്ഥാൻ പോളിമേഴ്‌സ് എന്ന കമ്പനി 1997-ലാണ് ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള എൽ.ജി കമ്പനി ഏറ്റെടുത്തത്. കളിപ്പാട്ടങ്ങളും മറ്റും നിർമ്മിക്കുന്ന ഫാക്ടറിയാണിത്.