ഷാര്‍ജ- കത്തിയമര്‍ന്ന ബഹുനില കെട്ടിടത്തില്‍ താമസക്കാര്‍ക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട വസ്തുക്കളാണ്. എന്നാല്‍ തന്റെ പ്രിയപ്പെട്ട പൂച്ചയെ രക്ഷിക്കാന്‍ സാധിച്ചതിന്റെ കൃതാര്‍ഥതയിലാണ് സിറിയന്‍ പൗരനായ ഫദലുല്ല ഹസൂന്‍.
പോലീസ് വാഹനത്തിന്റെ സൈറന്‍ കേട്ടാണ് താമസിക്കുന്ന കെട്ടിടത്തില് തീ പടര്‍ന്നത് ഹസൂന്‍ അറിയുന്നത്. എങ്ങും നിലവിളികള്‍. ഭയപ്പെടുത്തുന്ന രംഗം. ലിഫ്റ്റിന്റെ അടുത്തേക്ക് ഓടിയെങ്കിലും നിശ്ചലമായിരുന്നു. തീപ്പിടിക്കുമ്പോള്‍ ലിഫ്റ്റിലൂടെ ഇറങ്ങുന്നത് അപകടകരമായതിനാല്‍ അധികൃതര്‍ അത് നിര്‍ത്തിവെച്ചതാകാം.
കോണിയിറങ്ങാന്‍ തുടങ്ങിയപ്പോഴാണ് അരുമയായ പൂച്ചക്കുട്ടി വോഡ്കയെ ഓര്‍ത്തത്. ഉടന്‍ ഫ്‌ളാറ്റിലേക്ക് തിരിച്ചോടി. പുകയിലും തീയിലും പേടിച്ച് പതുങ്ങിക്കിടന്ന പൂച്ചയെയും അണച്ചു പിടിച്ചാണ് ഹസൂന്‍ പുറത്തെത്തിയത്.
സ്വയം ജീവനും കൊണ്ടോടാതെ പരസ്പരം അറിയിച്ചും വളര്‍ത്തു മൃഗങ്ങളെ ഒപ്പം കൂട്ടിയും താമസക്കാര്‍ അപകടസമയത്തും പരസ്പര സ്‌നേഹവും ഇതരജീവികളോടുള്ള കരുണയും നിലനിര്‍ത്തി.