മലപ്പുറം- ലോക്ഡൗണിനെ തുടർന്ന് നാട്ടിൽ പോകാനാവാതെ മലപ്പുറം ജില്ലയിൽ കഴിയുകയായിരുന്ന അതിഥി തൊഴിലാളികളുടെ രണ്ടാമത്തെ സംഘം ഇന്നലെ കോഴിക്കോട്ടു നിന്നു പ്രത്യേക തീവണ്ടിയിൽ യാത്രയായി. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി മധ്യപ്രദേശിലേക്കുള്ള 368 അതിഥി തൊഴിലാളികളെയാണ് കെ.എസ്.ആർ.ടി.സിയുടെ 10 ബസുകളിലായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിച്ചത്.
ജില്ലയിൽ അതത് കേന്ദ്രങ്ങളിൽ തന്നെ ഇവർക്കുള്ള പരിശോധനകൾ പൂർത്തിയാക്കി കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കി ഭക്ഷണമുൾപ്പെടെ നൽകിയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തിച്ചത്. കോഴിക്കോട്ടു നിന്നുള്ള സംഘത്തോടൊപ്പം ഇവർ തീവണ്ടിയിൽ മധ്യപ്രദേശിലേക്ക് യാത്രയാകും. സ്വന്തം നാടുകളിലേക്കു മടങ്ങാൻ താത്പര്യം പ്രകടിപ്പിച്ച അതിഥി തൊഴിലാളികളുടെ പട്ടിക പോലീസിന്റെ നേതൃത്വത്തിൽ നേരത്തെ തയാറാക്കിയിരുന്നു. ഇതു പ്രകാരം ജില്ലയിലെ കൊണ്ടോട്ടി, തിരൂരങ്ങാടി, തിരൂർ, ഏറനാട് താലൂക്കുകളിലെ അതിഥി തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. കൊണ്ടോട്ടി താലൂക്കിൽ നിന്നുള്ള അതിഥി തൊഴിലാളികൾക്കു മേലങ്ങാടിയിലെ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലും തിരൂർ, തിരൂരങ്ങാടി താലൂക്കിൽ നിന്നുള്ളവർക്ക് ചേളാരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലും ഏറനാട് താലൂക്കിൽ നിന്നുള്ളവർക്ക് കച്ചേരിപ്പടി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് രജിസ്‌ട്രേഷനും ആരോഗ്യ പരിശോധനയും നടത്തിയത്. കേന്ദ്രങ്ങളിലെത്തുന്നവർക്കു കൈ കഴുകുന്നതിനുള്ള സൗകര്യവും മാസ്‌ക്കുകളും നൽകിയിരുന്നു. പരിശോധനയ്ക്ക് ശേഷം രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ആവശ്യമായ ഭക്ഷണവും കുടിവെള്ളവും നൽകിയാണ് ഇവരെ യാത്രയാക്കിയത്. ഡോക്ടർ, ജൂണിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് എന്നിവരുൾപ്പെടുന്ന മെഡിക്കൽ കൗണ്ടറുകളാണ് ഓരോ കേന്ദ്രത്തിലും പരിശോധനകൾക്കായി ഒരുക്കിയിരുന്നത്. അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പു വരുത്താനും മറ്റ് കാര്യങ്ങൾക്കുമായി പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു.
കൊണ്ടോട്ടി താലൂക്കിൽ നിന്നുള്ള 77 അതിഥി തൊഴിലാളികളെ മേലങ്ങാടിയിലെ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെത്തിച്ചാണ് ആരോഗ്യ പരിശോധനകൾക്ക് വിധേയമാക്കിയത്. ഇവരിൽ 15 കുട്ടികളുമുണ്ട്. കൊണ്ടോട്ടി തഹസിൽദാർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ താലൂക്ക് ഹെൽത്ത് ഡിപ്പാർട്ടുമെന്റിലെ അഞ്ചംഗ ആരോഗ്യ പ്രവർത്തകരാണ് ആരോഗ്യ പരിശോധന നടത്തിയത്. വിവിധ ക്യാമ്പുകൡ കഴിയുന്ന തൊഴിലാളികളെ രണ്ടു കെ.എസ്.ആർ.ടി.സി ബസുകളിലാണ് കോഴിക്കോട്ടെത്തിച്ചത്.
തിരൂർ, തിരൂരങ്ങാടി താലൂക്കിൽ നിന്നായി 141 അതിഥി തൊഴിലാളികളെയാണ് ചേളാരി വൊക്കേഷണൽ ഹയർ സെക്കൻഡറിയിലെത്തിച്ച് പരിശോധന നടത്തിയത്. തേഞ്ഞിപ്പലം വില്ലേജ് പരിധിയിൽ താമസിച്ച് ജോലി ചെയ്തിരുന്ന 40 പേരെയും മൂന്നിയൂർ വില്ലേജിലെ 60 പേരെയും തിരൂർ താലൂക്കിൽ നിന്നുള്ള 41 പേരെയും മൂന്നു കെ.എസ്.ആർ.ടി.സി ബസുകളിലായാണ് സ്‌കൂളിലെത്തിച്ചതും പരിശോധനകൾക്ക് ശേഷം കോഴിക്കോട് റെയിൽവെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതും. തേഞ്ഞിപ്പലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. വി സരിത, മൂന്നിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഈസ അരീക്കാടൻ, തേഞ്ഞിപ്പലം ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽകുമാർ എന്നിവർ ആരോഗ്യ പരിശോധനകൾക്കു നേതൃത്വം നൽകി. തിരൂരങ്ങാടി തഹസിൽദാർ എം.എസ് ഷാജു, ഡെപ്യൂട്ടി തഹസിൽദാർമാരായ പി. പ്രശാന്ത്, എച്ച്. ഷരീഫ്, തേഞ്ഞിപ്പലം, മൂന്നിയൂർ വില്ലേജ് ഓഫീസർമാരായ സുധീഷ്, സുബിൻ, തിരൂരങ്ങാടി സർക്കിൾ ഇൻസ്‌പെക്ടർ റോയ് എന്നിവർ നേതൃത്വം നൽകി.
ഏറനാട് താലൂക്കിൽപ്പെട്ട 150 അതിഥി തൊഴിലാളികളെ മഞ്ചേരി കച്ചേരിപ്പടി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ രജിസ്‌ട്രേഷനും ആരോഗ്യ പരിശോധനയും പൂർത്തിയാക്കിയ ശേഷം ഓരോ ബസിലും രണ്ടു റവന്യൂ ഉദ്യോഗസ്ഥർ വീതം അഞ്ച് കെ.എസ്.ആർ.ടി.സി ബസുകളിലായാണ് കോഴിക്കോട് എത്തിച്ചത്. സബ് കലക്ടർ കെ.എസ് അഞ്ജു, ഏറനാട് തഹസിൽദാർ കെ.വി ഗീതക്, ഭൂരേഖ തഹസിൽദാർ കെ. ദേവകി, ഡെപ്യൂട്ടി തഹസിൽദാർ എം. മുകുന്ദൻ, മഞ്ചേരി സി.ഐ സി അലവി, ആർ.എം.ഒ സഹീർ എന്നിവർ നേതൃത്വം നൽകി.