Sorry, you need to enable JavaScript to visit this website.

മോഡിയുടെ ഓഫീസില്‍ അഞ്ച് പേര്‍ക്ക് കോവിഡ്; ആരോഗ്യ സേതു ചോര്‍ത്തിയെന്ന് ഹാക്കര്‍

ന്യൂദല്‍ഹി- ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍ കോവിഡ് ബാധിതരാണെന്ന് വെളിപ്പെടുത്തി സൈബര്‍ വിദഗ്ധനും ഹാക്കറുമായ ഏലിയട്ട് ആല്‍ഡേഴ്‌സണ്‍. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ആരോഗ്യസേതു ആപ്പിലെ സുരക്ഷാപ്രശ്നങ്ങള്‍ക്ക് തെളിവായാണ് ഫ്രഞ്ച് ഹാക്കര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തത്.
രാജ്യത്തെ തന്ത്രപ്രധാനമേഖലയിലെ 11 പേര്‍ കോവിഡ് അസുഖബാധിതരാണെന്ന് എലിയട്ട് ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ അഞ്ച് പേര്‍, ഇന്ത്യന്‍ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സിലെ രണ്ട് പേര്‍, പാര്‍ലമെന്റിലെ ഒരാള്‍, ആഭ്യന്തരമന്ത്രാലയത്തിലെ മൂന്ന് പേര്‍ എന്നിവര്‍ക്ക് രോഗബാധയുള്ളതായി ട്വീറ്റില്‍ പറയുന്നു.
ഇനിയും തുടരണോ എന്നും സുരക്ഷപ്രശ്നങ്ങള്‍ സംബന്ധിച്ച സാങ്കേതിമായ വിശദീകരണം ഉടന്‍ പുറത്തുവിടുമെന്നും ട്വീറ്റില്‍ പറയുന്നു.
ആപ്പ് അടിച്ചേല്‍പിക്കുന്നതിനു മുമ്പ് എന്താണ് യഥാര്‍ഥത്തില്‍ ആപ്പ് ചെയ്യുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. രാജ്യത്തെ സ്‌നേഹിച്ചുകൊണ്ടാണ് സേതു ആരോഗ്യ ആപ്പെങ്കില്‍ അതിന്റെ സോഴ്‌സ് കോഡ് പബ്ലിഷ് ചെയ്യണമെന്നും ഹാക്കര്‍ പറയുന്നു.
ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്ന ആപ്പിലെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ആരോപിച്ചതിനു പിന്നാലെ വിവാദം തുടരുകയാണ്.

 

Latest News