ന്യൂദല്‍ഹി- ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍.എസ്.യു.ഐ)ക്ക് മിന്നുന്ന തിരിച്ചുവരവ്. സുപ്രധാന പദവികളായ യൂണിയന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സീറ്റുകളാണ് എന്‍ എസ് യു ഐ തിരിച്ചു പിടിച്ചത്. കഴിഞ്ഞ തവണ ഈ രണ്ടു സീറ്റുകളടക്കം മൂന്ന് പദവികള്‍ കയ്യടക്കി യൂണിയന്‍ ഭരിച്ച ആര്‍ എസ് എസ് വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപി ഇത്തവണ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി പദവികളില്‍ ഒതുങ്ങി. എന്‍ എസ് യു ഐ നേതാവ് റോക്കി തുസീദ് ആണ് പുതിയ യൂണിയന്‍ പ്രസിഡന്റ്. കുനാല്‍ ശരാവത്ത് വൈസ് പ്രസിഡന്റ് ആകും. എബിവിപിയുടെ മഹാമേധ സെക്രട്ടറിയും ഉമ ശങ്കര്‍ ജോയിന്റ് സെക്രട്ടറിയുമാകും.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനു ശേഷം രാജ്യം ഉറ്റു നോക്കിയിരുന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അഞ്ചു വര്‍ഷത്തിനു ശേഷമാണ് എന്‍ എസ് യു ഐ പ്രസിഡന്റ് സീറ്റ് തിരിച്ചുപിടിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എബിവിപിക്ക് ആധിപത്യമുണ്ടായിരുന്ന യൂണിയന്‍ ഭരണത്തിലേക്ക് വമ്പന്‍ തിരിച്ചുവരവാണ് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗം നടത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എന്‍എസ് യു ഐ ജോയിന്റ് സെക്രട്ടറി സീറ്റ് നേടി തിരിച്ചു വരവ് നടത്തിയിരുന്നു.
എന്‍ എസ് യു ഐയും എപിവിപിയും നേരിട്ട് മത്സരിച്ചിരുന്ന ഡല്‍ഹി യുണിവേഴ്‌സിറ്റിയില്‍ ഈ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഐസ (ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍)യും നിര്‍ണായക ശബ്ദമായി മാറി. ഡല്‍ഹി സര്‍വകലാശാലയിലേയും അഫിലിയേറ്റഡ് കോളജുകളിലേയും 1,02624 വിദ്യാര്‍ത്ഥി വോട്ടര്‍മാരില്‍ 46,504 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവ പോളിംഗ് 10 ശതമാനം വര്‍ധനയുണ്ടായിരുന്നു.
ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടകള്‍ തൂത്തുവാരിയ ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ തീര്‍ത്തും പരാജയപ്പെട്ട എന്‍എസ്് യു ഐക്ക് ഡല്‍ഹി വിജയം ആശ്വാസമായി. ഇടതു പക്ഷ വിദ്യാര്‍ത്ഥി കൂട്ടായ്മയും എബിവിപിയും തമ്മില്‍ കനത്ത പോരാട്ടം നടന്ന ജെഎന്‍യു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നോട്ട നേടിയ വോട്ടുകളേക്കാല്‍ താഴെയായിരുന്നു എന്‍ എസ് യു ഐ നേടിയ വോട്ടുകളുടെ എണ്ണം.