ഭോപാല്‍- മധ്യപ്രദേശില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഹാജര്‍ വിളികള്‍ക്ക് ഇനി കുട്ടികള്‍ ജയ് ഹിന്ദ് എന്നു ഉത്തരം നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി വിജയ് ഷായുടെ അറിയിപ്പ്. രാജ്യസ്‌നേഹം കുട്ടികളില്‍ ഊട്ടിഉറപ്പിക്കുന്നതിന്റെ ഭാഗമായാണിത്. സത്‌ന ജില്ലയിലെ സ്‌കൂളുകളിലാണ് പരീക്ഷണാര്‍ത്ഥം ഒക്ടോബര്‍ ഒന്നു മുതല്‍ ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതു പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനധ്യാപകര്‍, അധ്യാപകര്‍, ജന്‍ശിക്ഷകുമാര്‍, ബ്ലോക് റിസോഴ്‌സ് കോഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. കുട്ടികളില്‍ രാജ്യസ്‌നേഹം വളര്‍ത്തുന്നതിന് ദിവസവും ത്രിവര്‍ണപതാക ഉയര്‍ത്തുകയും ദേശീയ ഗാനം ചൊല്ലുകയും വേണമെന്ന് നേരത്തെ എല്ലാ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വാകാര്യ സ്‌കൂളുകളും ഇതു പിന്തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് അതതു ഗ്രാമങ്ങളില്‍ നിന്നുള്ള രക്തസാക്ഷികളുടെ പേര് നല്‍കണമെന്ന നിര്‍ദേശവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.