സൗദിയിലെ ആശുപത്രികളിൽ പ്രസവത്തിന് പോലും വിവേചനം കാണിക്കുന്നുണ്ടെന്ന ബി.ജെ.പി മുഖപത്രം ജന്മഭൂമിയുടെ വാർത്തക്കെതിരെ വ്യാപകമായ പ്രതിഷേധമാണുയരുന്നത്. ഈ പശ്ചാലത്തിൽ നാസർ മദനി എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ്.
സൗദിയിലെ ജാതിതിരിച്ചുള്ള പ്രസവക്കൂലി
അൽ അഹ്‌സയിൽ നിന്ന് കോവിഡ് പോസിറ്റിവായ ഒരു മലയാളി നേഴ്‌സ് ഇവിടത്തെ പ്രമുഖ സർക്കാർ ആശുപത്രിയിൽ ഐസുലേഷനിൽ പ്രവേശിപ്പിക്കപ്പെട്ടു . മറ്റൊരു മലയാളി നേഴ്‌സിനെ കോവിഡ് പോസിറ്റിവ് ആയി കോറന്റൈൻ ഏർപ്പെടുത്തിയ ഒരു ഹോട്ടലിലേക്ക് മാറ്റി. രണ്ടുപേരും മുസ്ലിംകളല്ല. ഓഫീസിൽ നിന്നും വിളി വന്നു. രണ്ടുപേരും മലയാളികളാണ്. അവരുടെ സുഖ വിവരങ്ങൾ അന്വേഷിക്കുക. ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ തൃപ്തരാണോ എന്നെല്ലാം അന്വേഷിച്ചു റിപ്പോർട്ട് ചെയ്യുക എന്നാണു നിർദ്ദേശം. മലയാളിയായതിനാൽ അതിന്റെ ഉത്തരവാദിത്തം എനിക്കാണ് ലഭിച്ചത്. രണ്ടുപേരെയും രണ്ടു തവണ വിളിച്ചു . രണ്ടുപേരും ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ പൂർണ്ണ തൃപ്തർ. എങ്ങനെ എന്റെ നമ്പർ കിട്ടി എന്ന് രണ്ടാളും ചോദിച്ചു . ഔദ്യോഗികമായി നിങ്ങളുടെ വിവരങ്ങൾ അന്വേഷിച്ചു റിപ്പോർട്ട് ചെയ്യാനാണ് നിർദ്ദേശം. നിങ്ങൾക്ക് എന്ത് പോരായ്മ ഉണ്ടെങ്കിലും പറയൂ. രണ്ടാൾക്കും ഒന്നും പറയാനില്ല. അവരുടെ സമ്മതത്തോടെ നല്ല നിലയിൽ റിപ്പോർട്ട് കൊടുത്തു.
ഭാര്യ ഗർഭിണിയാണ്. പ്രസവം നടക്കണം. ഇൻഷുറൻസ് ഇല്ല. നല്ല കാശ് വേണം. എന്ത് ചെയ്യും? മലയാളിയായ ഒരു സാധാരണക്കാരനായ ഒരു സുഹൃത്ത് വിളിച്ചു. ആൾ മുസ്ലിമാണ്. പ്രസവ സമയത്ത് ഭാര്യയെ ഇവിടത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസവം നടന്നു . കുട്ടി കുറച്ചു കോമ്പ്‌ലിക്കേറ്റഡ് ആണ് . അടക്കേണ്ട ഫീസുകൾ ദിനംപ്രതി ഉയരുകയാണ്. 34 ആയിരം റിയാലിലേക്ക് എത്തിയിരിക്കുന്നു. ആൾ ആകെ പരിഭ്രാന്തിയിലാണ്. എങ്ങനെ കാശടക്കും?. ആ സുഹൃത്തിനു വേണ്ടി ഡോക്ടർമാരുടെ അഭിപ്രായം ചോദിച്ചു അവരോടു കൂടിയാലോചിച്ചു നിര്ബ്ബനധിച്ച് ഡിസ്ചാർജ് വാങ്ങി. അവിടെ കിടന്നാൽ ഇനിയും ബില്ല് താങ്ങാവുന്നതിലും അപ്പുറമാകും . കാശിൽ ഇളവ് ലഭിക്കാൻ മുട്ടാത്ത വാതിലുകളില്ല. പിടിക്കാത്ത കാലുകളില്ല . കയറി ഇറങ്ങാതെ ഓഫീസ് മുറികളില്ല. ഓഫീസിൽ നിന്ന് ഇടക്കിടക്ക് ലീവെടുത്ത് വരെ പോയിനോക്കി. നടന്നില്ല. മുസ്ലിം ആയിട്ടും കാശടക്കേണ്ടി വന്നു . ആ സംഖ്യ അടക്കാൻ നല്ല മനസ്സുകൾ കുറച്ചു സഹായിച്ചു. തവണ വ്യവസ്ഥയിൽ അടക്കാൻ സമയം തന്നു എന്നത് സഹായകമായി.
അൽ അഹ്‌സയിലെ അതിവേഗ കോടതിയാണ് രംഗം. വാദിയും പ്രതിയും മലയാളികളാണ്. ഒരാൾ മുസ്ലിം മറ്റൊരാൾ മുസ്ലിമല്ലാത്തയാളും. മുസ്ലിമിന് അനുകൂലമായി കോടതി ഇടപെടും എന്ന് അവർ ധരിച്ചപോലെ. വിവരം ഞാൻ ജഡ്ജിയോട് പറഞ്ഞു. എല്ലാവരും കേൾക്കെ ജഡ്ജി പറഞ്ഞു മുസ്ലിം അമുസ്ലിം ഇവിടെ അതല്ല പരിഗണിക്കുന്നത്. നീതിയാണ് പരിഗണിക്കുക. ഇല്ലെങ്കിൽ അല്ലാഹു എന്നെയാണ് ശിക്ഷിക്കുക.
അൽ അഹ്‌സയിലെ ഹൈക്കോടതി. വാദിയും പ്രതിയും മലയാളികൾ. രണ്ടാളും മുസ്ലിംകളല്ല. പ്രതി ജയിലിൽ നിന്നാണ് എത്തിയിട്ടുള്ളത്. വിധി വാദിക്ക് അനുകൂലമായി. പ്രതിക്ക് അപ്പീൽ പോകണം. സഹായിക്കാൻ ആളില്ല. വിധി നീതിയായില്ല എന്നാണു പ്രതി പറയുന്നത്. വിവരം ജഡ്ജിയോട് പറഞ്ഞു. ജഡ്ജി അപ്പീൽ എഴുതിക്കൊടുക്കാൻ തന്റെ ഓഫീസിൽ അനുമതി കൊടുത്തു. ജഡ്ജി വിധിച്ച വിധിക്കെതിരെ അതെ ഓഫീസിൽ നിന്നാണ് അപ്പീൽ എഴുതുന്നത്. മറ്റൊരു ദിവസം പ്രതിയെ പോലീസ് ഹാജരാക്കി. വിധിയുടെ പോരായ്മകൾ ഞാൻ തന്നെയാണ് അറബിയിൽ തയ്യാറാക്കിയത്. പ്രതിക്ക് എല്ലാം സൗജന്യമായി നടന്നു. അപ്പീൽ പോകാനുള്ള കത്ത് പൂർത്തിയാക്കിയപ്പോൾ ജഡ്ജിയെ കാണിച്ചു. വായിച്ചു നോക്കി അംഗീകരിച്ചു. ഇസ്‌ലാമിക ശരീഅത്ത് കോടതിയിൽ നിന്ന് മുസ്ലിമല്ലാത്ത ആൾക്ക് നീതി കിട്ടിയിട്ടില്ല എന്ന തോന്നൽ ഉണ്ടാകരുത് എന്നാണു ഞാൻ ജഡ്ജിയോട് പറഞ്ഞത്. വളരെ സന്തോഷത്തോടെ അത് ഫയലിൽ സ്വീകരിച്ചു.
അൽ ഹസ ഉയൂൺ കോടതിയാണ്. പ്രതി മലയാളിയാണ്. മുസ്ലിമല്ല. വാഹനാപകട കേസാണ്. മലയാളിക്ക് എതിരെ വിധിവന്നു. പണം കെട്ടണം . കയ്യിൽ പണമില്ല. വിവരം ജഡ്ജിയെ ധരിപ്പിച്ചു. വിധിച്ച ജഡ്ജി തന്നെ മലയാളിക്ക് അടക്കാനുള്ള പണം നൽകി സഹായിച്ചു.
എന്റെ സുഹൃത്ത് ഫിലിപ്പൈനി വിവാഹം കഴിക്കാൻ കോടതിയിൽ എത്തി. പെണ്ണും അതെ രാജ്യക്കാരി തന്നെ. ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയാണ് . വരന്റെ കൈവശം മഹർ കൊടുക്കാൻ ഒന്നും ഇല്ല. അപ്പോളാണ് വരൻ വെറും കയ്യോടെയാണ് എത്തിയത് എന്ന് ഞങ്ങളും അറിയുന്നത്. ഉടനെ പരിഹാരം വന്നു. ചീഫ് ജസ്റ്റീസ് പറഞ്ഞു ഞാൻ നൽകാം. രണ്ടായിരം റിയാൽ മതി. ചീഫ് ജസ്റ്റീസ് ഉടൻ ആ പണം നൽകി. സുഹൃത്ത് മഹ്ർ നൽകി. വിവാഹം നടന്നു. ശൈഖ് തമാശക്കു പറഞ്ഞു കുട്ടി ഉണ്ടായിക്കഴിയുമ്പോൾ പണം തിരികെ തരണം കേട്ടോ. എന്നാൽ അവർക്ക് ഇവിടെ നിന്ന് പോകും വരെ കുട്ടികൾ ഉണ്ടായില്ല.
ഇത് ഇപ്പോൾ പറയാൻ കാരണം കോട്ടയം എഡിഷനിൽ വിഷ വൈറസുകൾ അടിച്ചിറക്കിവിടുന്ന ജന്മഭൂമി സൗദിയിൽ മുസ്ലിം പെണ്ണുങ്ങൾക്ക് ഫ്രീ പ്രസവം. അമുസ്ലിം പെണ്ണുങ്ങൾക്ക് ലക്ഷങ്ങൾ വാങ്ങുന്നു എന്ന ഒരു വാർത്ത ഛർദ്ധിച്ചു വിട്ടിരുന്നു. അങ്ങനെ മുസ്ലിം പെണ്ണുങ്ങൾക്ക് സൗജന്യ പ്രസവം കിട്ടുന്ന ആശുപത്രിയുടെ ലിസ്റ്റ് ഇവന്മാരുടെ കൈയ്യിൽ ഉണ്ടെങ്കിൽ അതുംകൂടി വാർത്തക്കൊപ്പം ചേർക്കാമായിരുന്നു.
ജാതി മത വ്യത്യാസം ഇല്ലാതെ ഏതു കോവിഡ് രോഗിക്കും അയാൾ നിയമപരമമായി വിസയുള്ള ആളാണെങ്കിലും നിയ ലംഘകനാണെങ്കിലും സൗജന്യ ചികിത്സ പ്രഖ്യാപിച്ച മനുഷ്യത്വത്തിന്റെ പര്യായമാറിയ സൽമാൻ രാജാവ് ഈ നാടിന്റെയും ഈ നാട്ടിലെ സ്വദേശികളുടെയും വിദേശികളുടെയും അഭിമാനമാകുന്നു.
സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് സ്വകാര്യ മേഖലയിൽ ജോലിനോക്കുന്ന എല്ലാവര്ക്കും നിർബ്ബന്ധമാണ് . കുടുംബം ഒപ്പമുണ്ടെങ്കിൽ പ്രസവ ചികിത്സയുടെ അടക്കമുള്ള ഇൻഷുറൻസാണ് എടുക്കുന്നത്. എങ്കിലേ വിസ പുതുക്കി കിട്ടൂ എന്നാണു നിയമം. അതുള്ളവർക്ക് പ്രസവം സൗജന്യം പോലെയാണ് . തുച്ഛമായ വിഹിതം മാത്രം അടച്ചാൽ മതിയാകും . ഇൻഷുറൻസ് തുക കുറച്ചുള്ള തൽക്കാലം വിസ പുതുക്കിയാൽ മതി എന്ന നിലയിൽ വിലകുറഞ്ഞ ഇൻഷുറൻസ് എടുക്കുന്നവർക്ക് ഇൻഷുറൻസ് ഫാമിലി പാക്കേജിൽ പ്രസവം നടക്കണമെന്നില്ല. അത്തരക്കാർ അതിന്റേതായ ഫീസ് പൂർണ്ണമായും കെട്ടേണ്ടി വരും . അത് ചെറിയ ലാഭം നോക്കി അവർ തന്നെ വരുത്തിവെച്ചതാണ് എന്ന് മനസ്സിലാക്കുക. ഇവിടെ ജാതിതിരിച്ചാണ് ആശുപത്രിയിൽ രോഗികളെ നോക്കുന്നത് എന്ന് പത്രത്താളുകളിലൂടെ അമേധ്യം വിളമ്പുന്നവർ യോഗിയുടെ ഉത്തർപ്രദേശല്ല സൗദി അറേബ്യ എന്നെങ്കിലും തിരിച്ചറിയുക. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഈ നാളുകളിലെങ്കിലും വിഷ വൈറസുകളെ നിർത്തിക്കൂടേ നിങ്ങൾക്കീ അമേധ്യ വർത്തമാനം .