കയ്റോ- കോവിഡ് മഹാമാരി അതിജീവിക്കുന്നതിന് ദൈവത്തിന്‍റെ സഹായം തേടി എല്ലാ മതവിശ്വാസികളും വ്യാഴാഴ്ച വ്രതമെടുത്ത് പ്രാർഥിക്കാന്‍ ഫ്രാന്‍സിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തു.
വിശുദ്ധ റമദാനില്‍ മുസ്ലിംകള്‍ വ്രതമനുഷ്ഠിച്ചുകൊണ്ടിരിക്കെ, എല്ലാ മതവിശ്വാസികള്‍ക്കുമായി വിവിധ മതങ്ങള്‍ ഉള്‍ക്കൊള്ളുന്ന കമ്മിറ്റി ഓഫ് ഹ്യൂമന്‍ ഫ്രറ്റേണിറ്റി മെയ് 14 പ്രാർഥനാ ദിനമായി പ്രഖ്യാപിച്ചിരുന്നു.
സ്വാഗതാർഹമായ നീക്കമാണിതെന്ന് ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി അഹ് മദ് അല്‍ തയ്യിബ് പറഞ്ഞു. കോവിഡ് മഹാമാരി ലോകത്തുനിന്ന് നീക്കിക്കിട്ടാന്‍ ലോകത്തുള്ള എല്ലാവരും പ്രാർഥിക്കണമെന്നും ജീവകാരുണ്യ പ്രവർത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഒറ്റ ലക്ഷ്യത്തിനുവേണ്ടി ആഗോള സമൂഹം ഒന്നിക്കുന്ന ആദ്യദിവസമാണിതെന്നും അവരവരുടെ വിശ്വസമനുസരിച്ച് പ്രാർഥിക്കണമെന്നും പോപ്പിന്‍റെ പേഴ്സണല്‍ സെക്രട്ടറിയും ഈജിപ്തിലെ പുരോഹിതനും ഹ്യൂമന്‍ ഫ്രാറ്റേണിറ്റി ഉന്നതാധികാര കമ്മിറ്റി അംഗവുമായ മോണ്‍സിഞ്ഞോർ യുവാന്നിസ് ലാസ്ഹി ഗൈദ് പറഞ്ഞു.