Sorry, you need to enable JavaScript to visit this website.

ചെന്നൈയില്‍ കോവിഡ് ഭീതി; കോയമ്പേട് മാര്‍ക്കറ്റ് അടച്ചു


ചെന്നൈ-300ലേറെ പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ചെന്നൈ കോയമ്പേട് പഴം, പച്ചക്കറി മാര്‍ക്കറ്റ് അടച്ചുപൂട്ടി. അണുമുക്തമാക്കുന്നതിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണു മാര്‍ക്കറ്റ് മാറ്റുന്നതെന്നു കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഇന്നു മുതല്‍ തിരുവള്ളൂര്‍ ജില്ലയിലെ തിരുമിഴിസൈയില്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കും. ചെന്നൈയ്ക്കു പുറമേ, കടലൂര്‍, അരിയാലൂര്‍, പെരമ്പലൂര്‍,വിഴുപുറും, തഞ്ചാവൂര്‍ ജില്ലകളിലും കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നെത്തിയവര്‍ക്കു രോഗം സ്ഥിരീകരിച്ചു.
മാര്‍ക്കറ്റില്‍ നിന്നു വിവിധ ജില്ലകളിലെത്തിയ 7500 പേരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഇവരെ കൂടി കണ്ടെത്തി പരിശോധിക്കുന്നതോടെ കോവിഡ് ബാധിതരുടെ എണ്ണം ഇനിയും കൂടാനാണു സാധ്യത.
ഏഷ്യയിലെ ഏറ്റവും വലിയ പഴം, പച്ചക്കറി മാര്‍ക്കറ്റായ കോയമ്പേട് ലോക്ഡൗണ്‍ കാലത്തും സാധാരണ രീതിയിലാണു പ്രവര്‍ത്തിച്ചിരുന്നത്. സാമൂഹിക അകലം ഉള്‍പ്പെടെ മുന്‍ കരുതല്‍ നടപടികളൊന്നും പാലിക്കാതെയായിരുന്നു പ്രവര്‍ത്തനം. പല തവണ പൊലീസും അധികാരികളും മുന്നറിയിപ്പു നല്‍കിയിട്ടും ഇതു ഗൗരവത്തിലെടുത്തിരുന്നില്ല. ചെന്നൈയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണു കോയമ്പേടില്‍ ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടു പൂക്കച്ചവടക്കാര്‍ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.പിന്നീട് ചെന്നൈയിലും കാഞ്ചീപുരത്തും തിരുവള്ളൂരിലും മാര്‍ക്കറ്റില്‍ നിന്നു പച്ചക്കറിയെടുത്തു കച്ചവടം ചെയ്യുന്നവര്‍ വഴി പലര്‍ക്കും രോഗം പടരുകയായിരുന്നു.
മാര്‍ക്കറ്റില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്കു 3 ദിവസം മുന്‍പ് അരിയാലൂരില്‍ രോഗം കണ്ടെത്തിയതോടെയാണു സംസഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും കോയമ്പേട് ക്ലസ്റ്റര്‍ വ്യാപിച്ചിരിക്കാമെന്ന ആശങ്ക പരന്നത്.അതു ശരിവച്ചാണു ഇപ്പോള്‍ 300 ലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചത്. മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് 7500 പേരെ നിരീക്ഷണത്തിലാക്കി പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കെ, കേസുകള്‍ വീണ്ടും കൂടാനാണു സാധ്യത.
 

Latest News