ന്യൂദല്‍ഹി- കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം മാറ്റിവെച്ച സി.ബി.എസ്.ഇ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ അറിയിച്ചു.
ലൈവ് വെബിനാര്‍ വഴി വിദ്യാര്‍ത്ഥികളുമായുള്ള തത്സമയ ആശയവിനിമയത്തിനിടെയാണ് അദ്ദേഹം ഇക്കാര്യംവ്യക്തമാക്കിയത്. തുടര്‍ വിദ്യാഭ്യാസത്തിനാധാരമായ 29 വിഷയങ്ങളിലാകും പരീക്ഷ നടത്തുകയെന്ന് സി.ബി.എസ്.ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. പരീക്ഷയ്ക്ക് 10 ദിവസം മുമ്പ് തന്നെ തീയതികള്‍ പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചിരുന്നു.
നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷ തീയതികളും ലൈവ് വെബിനാറില്‍ പ്രഖ്യാപിച്ചു. ജൂലൈ 26-നാണ് നീറ്റ് പരീക്ഷ. ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെയാണ്.
ഐ.ഐ.ടികളിലേയും മറ്റ് പ്രമുഖ സ്ഥാപനങ്ങളിലേയും പ്രവേശനത്തിനായുള്ള ജെ.ഇ.ഇ അഡ്വാന്‍സ്ഡ് ആഗസ്റ്റില്‍ നടത്തും. പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ അഡ്മിറ്റ്കാര്‍ഡുകളും ഉടന്‍ പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. നേരത്തെ പ്രവേശന പരീക്ഷകള്‍ ഏപ്രില്‍-മേയ് മാസങ്ങളിലായി നടത്താനാണ് തീരുമാനിച്ചിരുന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യാണ് രണ്ടു പരീക്ഷകളും നടത്തുന്നത്. പ്രവേശന പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചാലുടന്‍തന്നെ നടത്താന്‍ ബാക്കിയുള്ള ബോര്‍ഡ് പരീക്ഷകളുടെ തീയതിയും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.