ഗുഹാവത്തി- കൊറോണ വൈറസ് വ്യാപനത്തിനിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിസന്ധി ഇരട്ടിപ്പിച്ച് ആഫ്രിക്കന്‍ പന്നിപ്പനി. ഫ്രെബുവരിക്കു ശേഷം അസമില്‍ മാത്രം 2800 വളര്‍ത്തു പന്നികളാണ് വൈറസ് ബാധയേറ്റ് ചത്തൊടുങ്ങിയത്.
വൈറസ് പിടിപെട്ടാല്‍ മരണം സുനിശ്ചിതമായ മാരകരോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. ഇന്ത്യയില്‍ ആദ്യമായിട്ടാണ് വളര്‍ത്തു പന്നികളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. അസമിലെ ധേമാജി, വടക്കന്‍ ലഖിംപൂര്‍, ബിശ്വനാഥ്, ദിബ്രുഗഡ് എന്നിവിടങ്ങളിലും അരുണാചല്‍ പ്രദേശിലെ ചില ജില്ലകളിലുമാണ് പന്നികള്‍ കൂട്ടത്തോടെ ചത്തത്.
കോവിഡ് 19 പോലെ ആഫ്രിക്കന്‍ പന്നിപ്പനിയും ചൈനയില്‍നിന്നാണ് ഇന്ത്യയില്‍ എത്തിയതെന്ന് കരുതുന്നു. 2018-2020 കാലയളവില്‍ ചൈനയിലെ 60 ശതമാനം വളര്‍ത്തു പന്നികളാണ് ആഫ്രിക്കന്‍ പന്നിപ്പനി മൂലം ചത്തൊടുങ്ങിയത്. 2019 അവസാനം ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശിന്റെ മേഖലകളിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്ന് അസം മൃഗസംരക്ഷണവകുപ്പ് മന്ത്രി അതുല്‍ ബോറ പറഞ്ഞു. സ്ഥിതി ആശങ്കാജനകമാണെന്നും എന്നാല്‍ രോഗം ബാധിച്ച പന്നികളെ കൊല്ലുന്നതിന് പകരം സംസ്ഥാനം മറ്റ് നിയന്ത്രണ പദ്ധതികള്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഒരു അഭിമുഖത്തില്‍ ബോറ വിശദീകരിച്ചു.