ലണ്ടന്‍-കൊറോണാ വൈറസിനെതിരെ യുകെയിലെ ശാസ്ത്രജ്ഞരുടെ വാക്‌സിന്‍ പരീക്ഷണത്തിലാണ് ഏവരുടെയും പ്രതീക്ഷ. എന്നാല്‍ അമിത പ്രതീക്ഷ വേണ്ടെന്നാണ് ലണ്ടന്‍ ഇംപീരിയല്‍ കോളേജ് പ്രൊഫസര്‍ ഡോ. ഡേവിഡ് നബാരോ പറയുന്നത്. വാക്‌സിന്‍ കണ്ടെത്താന്‍ കഴിയുമെന്ന് യാതൊരു ഉറപ്പുമില്ലെന്നും ലോകാരോഗ്യ സംഘടനയുടെ കോവിഡ്19 പ്രത്യേക പ്രതിനിധി കൂടിയായ അദ്ദേഹം പറയുന്നു. മറ്റൊരു പകര്‍ച്ചവ്യാധി നേരിട്ടാല്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളോ, രാജ്യം മുഴുവനുമോ യാത്രാവിലക്കുകള്‍ നേരിടുകയാണ് നടപടിയെന്ന് അദ്ദേഹം പറയുന്നു. അതിനാല്‍ ഇത്തരം പകര്‍ച്ചവ്യാധി രൂപപ്പെടുമ്പോള്‍ പ്രാദേശികവും, ദേശീയ തലത്തിലുള്ള ലോക്ക്ഡൗണുകളുമായി സര്‍ക്കാരുകള്‍ പ്രതിരോധിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെക്കാനിക്കല്‍ സിസ്റ്റവുമായല്ല മറിച്ച് ബയോളജിക്കല്‍ സിസ്റ്റവുമായാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പോരാടുന്നതെന്ന് പ്രതീക്ഷ കുറയ്ക്കാനുള്ള കാരണമായി ഗ്ലോബല്‍ ഹെല്‍ത്ത് പ്രൊഫസര്‍ വാദിക്കുന്നു. ഭാവിയില്‍ മുഖത്ത് മാസ്‌ക് ധരിച്ച് നടക്കുന്നത് ഒരു ശീലമാക്കേണ്ടി വരുമെന്നും ഡോ. നബാരോ വ്യക്തമാക്കി.
'പല വൈറസുകള്‍ക്ക് എതിരെയും ഇപ്പോഴും വാക്‌സിനില്ല. കണ്ടെത്തിയാല്‍ തന്നെ ഇത് പരീക്ഷണങ്ങളും, സുരക്ഷിതത്വവും മറികടക്കുമെന്നും പറയാനാകില്ല' ഡോ. നബാരോ സിഎന്‍എന്നിനോട് പറഞ്ഞു. നിലവില്‍ പിന്‍വലിക്കുന്ന ലോക്ക്ഡൗണ്‍ ഏതുനിമിഷം വേണമെങ്കിലും തിരികെ എത്താമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.