വാഷിങ്ടന്‍- കോവിഡ് മഹാമാരിയില്‍ പ്രതിസ്ഥാനത്തു നിര്‍ത്തി ചൈനയ്‌ക്കെതിരെ തുടര്‍ച്ചയായി വിമര്‍ശന ശരങ്ങള്‍ തൊടുത്തുവിട്ട് അമേരിക്ക. വൈറസിന്റെ തീവ്രതയെപ്പറ്റി ചൈനീസ് സര്‍ക്കാര്‍ രാജ്യാന്തര സമൂഹത്തോടു മനഃപൂര്‍വം മറച്ചുവച്ചുവെന്നാണ് അമേരിക്കയുടെ ആരോപണം.
ദുരിതകാലം മുന്‍കൂട്ടി കണ്ട് ഇറക്കുമതി കൂട്ടുകയും കയറ്റുമതി കുറയ്ക്കുകയുമാണു ചൈന ചെയ്തതെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്) റിപ്പോര്‍ട്ടില്‍ പറയുന്നതായി രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് വ്യാപനമുണ്ടാകുമെന്നു ലോകാരോഗ്യ സംഘടനയെ ജനുവരിയില്‍ അറിയിച്ചതിനു പിന്നാലെ മരുന്ന് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സാമഗ്രികളുടെ കയറ്റുമതി ചൈന നിര്‍ത്തിയെന്നും ഡിഎച്ച്എസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ട് പിന്നീട് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ ശരിവയ്ക്കുകയും ചെയ്തു.
'നിങ്ങള്‍ക്ക് ഇപ്പോഴാണ് ശരിയായ സത്യങ്ങള്‍ കിട്ടിയത്. ലോകം സമയാസമയത്തു കാര്യങ്ങള്‍ അറിയരുതെന്ന ചിന്തയിലാണു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതെല്ലാം ചെയ്തതെന്നു നമുക്ക് ഉറപ്പിക്കാനാകും' എന്നാണ് ഒരു ടിവി പരിപാടിയില്‍ പോംപെയോ പറഞ്ഞത്. ചൈനയുടെ നടപടിക്കു പലതരത്തില്‍ തിരിച്ചടി നല്‍കാനായി ട്രംപ് ഭരണകൂടം ദീര്‍ഘകാല പദ്ധതിക്കു രൂപം നല്‍കുന്നുവെന്ന വിവരത്തിനു പിന്നാലെയാണു പോംപെയോയുടെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
നവംബര്‍ പകുതിയോടെ ചൈനയിലെ വുഹാന്‍ നഗരത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാരകമായ കൊറോണ വൈറസ് 68,286 അമേരിക്കക്കാരുടെ ഉള്‍പ്പെടെ 247752 ലക്ഷം പേരുടെ ജീവനുകളെടുത്ത സാഹചര്യത്തിലാണ് വൈറ്റ് ഹൗസ് ചൈനയ്ക്ക് നേരെയുള്ള ആരോപണ ശരങ്ങള്‍ കടുപ്പിക്കുന്നത്.
മാസ്‌കും മെഡിക്കല്‍ സാമഗ്രികളും കയറ്റുമതി ചെയ്യുന്നതില്‍ നിരോധനം ഇല്ലെന്ന് പരസ്യമായി പറഞ്ഞ ചൈന, മനഃപൂര്‍വം അവരുടെ വ്യാപാര ഇടപാടുകള്‍ മറച്ചുവെച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാമാരിയാണെന്നു ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുന്നതിനു മുമ്പേ, പിപിഇ (പഴ്‌സനല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ്) കിറ്റുകള്‍ ഉള്‍പ്പെടെയുള്ളവ വൈറസിനെ നേരിടാന്‍ അനിവാര്യമാണെന്നു ചൈന മനസ്സിലാക്കിയിരുന്നുവെന്നും യുഎസ് ആരോപിച്ചു.
മെഡിക്കല്‍ സാമഗ്രികളുടെ ആവശ്യം തിരിച്ചറിഞ്ഞ ചൈന, അവരുടെ വിപുലമായ സന്നാഹം ഉപയോഗപ്പെടുത്തി കൂടുതല്‍ സര്‍ജിക്കല്‍ ഗൗണുകള്‍, മാസ്‌ക്കുകള്‍ തുടങ്ങിയവ നിര്‍മിച്ചെന്നും ഡിഎച്ച്എസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തി.