ന്യൂദല്‍ഹി-നോട്ട് നിരോധനവും ജി എസ് ടിയും ജമ്മു കാശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതും എന്‍ആര്‍സിയുമെല്ലാം പോലെ താങ്കളുണ്ടാക്കിയ ദുരന്തമല്ല ഇതെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍. കോവിഡ് 19 വ്യാപനം നേരിടാന്‍ രാഷ്ട്രീയ നേതാക്കളുമായി ചേര്‍ന്ന് നാഷണല്‍ റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് ഇടപെടല്‍ നടത്തണമെന്നും കണ്ണന്‍ ഗോപിനാഥന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. നാഷണല്‍ റെസ്‌പോണ്‍സ് ടീം രൂപീകരിച്ച് ഇടയ്ക്കിടെ അവരുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ ആശയങ്ങള്‍ സ്വീകരിക്കണമെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു. ജമ്മു കശ്മീര്‍ വിഭജനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് ദാദ്ര നഗര്‍ ഹവേലി ഊര്‍ജ സെക്രട്ടറി ആയിരുന്ന കണ്ണന്‍ ഗോപിനാഥന്‍ സിവില്‍ സര്‍വീസില്‍ നിന്ന് രാജിവച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായി കണ്ണന്‍ ഗോപിനാഥ് ശക്തമായി രംഗത്തുവരികയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.