തിരുവനന്തപുരം- സംസ്ഥാനത്ത് എല്ലാ പ്രധാനപ്പെട്ട വ്യവസായ ലൈസൻസുകളും അനുമതികളും അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപാധികളോടെയാണ് അനുമതി നൽകുക. ഒരുവർഷത്തിനകം സംരംഭകൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കണം. എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അതു തിരുത്താൻ അവസരം നൽകാനും സർക്കാർ തയാറാകുമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള നിക്ഷേപകരിലും സംരംഭകരിലും കേരളത്തെക്കുറിച്ച് വലിയ താൽപര്യമുളവായിട്ടുണ്ട്. ഈ രംഗത്ത് ധാരാളം അന്വേഷണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. യഥാർഥത്തിൽ നമ്മുടെ ശക്തി, ഇവിടുത്തെ മനുഷ്യശേഷി തന്നെയാണ്. ഏതു വ്യവസായവും നിലനിൽക്കാനും വളരാനും മനുഷ്യവിഭവശേഷി പ്രധാനമാണ്. നമ്മുടെ മനുഷ്യവിഭവശേഷി ലോകത്തെ ഏതു വികസിത രാഷ്ട്രത്തോടും കിടപിടിക്കുന്നതാണെന്ന് ഈ മഹാമാരിക്കിടയിലും നാം ഒന്നുകൂടി തെളിയിച്ചു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്ത് കേരളത്തിലേക്ക് വ്യവസായ മുതൽമുടക്ക് വലിയ തോതിൽ ആകർഷിക്കുന്നതിന് ചില തീരുമാനങ്ങൾ സർക്കാർ എടുക്കുകയാണ്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വിമാനത്താവളം, തുറമുഖം, റെയിൽ, റോഡ് എന്നിവ ബന്ധപ്പെടുത്തി ബഹുതല ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യം ഏർപ്പെടുത്തും. അന്താരാഷ്ട്ര വ്യാപാരത്തിലും വാണിജ്യത്തിലും ഇതു കേരളത്തെ പ്രധാന ശക്തിയാക്കും.
ഇതിനുപുറമെ, കയറ്റുമതി-ഇറക്കുമതി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോജിസ്റ്റിക്‌സ് പാർക്കുകൾ ആരംഭിക്കും.
ഉത്തര കേരളത്തിന്റെ ആവശ്യം മുൻനിർത്തി അഴീക്കൽ തുറമുഖം വികസിപ്പിക്കും. വലിയതോതിൽ ചരക്ക് കൈകാര്യം ചെയ്യാൻ തുറമുഖത്തെ സജ്ജമാക്കും. കാർഷിക മേഖലയിൽ മൂല്യവർധിത ഉൽപന്നങ്ങൾ വലിയ തോതിൽ പ്രോത്സാഹിപ്പിക്കും. പാലക്കാട് മെഗാ ഫുഡ് പാർക്കിലെ ഭൂമി കാർഷികോൽപന്നങ്ങളുടെ മൂല്യവർധനവിനു വേണ്ടി വ്യവസായികൾക്ക് പാട്ടത്തിന് നൽകും. മൂല്യവർധനവിന് ഊന്നൽ നൽകി ഉത്തരകേരളത്തിൽ നാളികേര പാർക്ക് സ്ഥാപിക്കും.
കേരളത്തെ മികച്ച വ്യവസായ കേന്ദ്രമാക്കുന്നതിനുള്ള നടപടികൾക്ക് ഉപദേശകസമിതി രൂപീകരിക്കും. വ്യവസായ നിക്ഷേപകർ, നയരൂപീകരണ വിദഗ്ധർ, വ്യവസായ പ്രമുഖർ എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റി. 'ചീഫ് മിനിസ്റ്റേഴ്‌സ് ഇൻവെസ്റ്റ്‌മെന്റ് അഡൈ്വസറി കമ്മിറ്റി' എന്നായിരിക്കും ഇതിന്റ പേര്.
വ്യവസായ മുതൽ മുടക്കിന് 'സ്റ്റാർ റേറ്റിംഗ്' സമ്പ്രദായം ഏർപ്പെടുത്തും. മുതൽമുടക്ക്, അതിന്റെ ഭാഗമായി ഉണ്ടാവുന്ന തൊഴിൽ എന്നിവ കണക്കിലെടുത്ത് ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നീ സ്ഥാനങ്ങൾ നൽകും. സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും ഇളവുകളും ഈ റാംഗിങ് കൂടി പരിഗണിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.