ന്യൂദല്‍ഹി- ഉന്നത ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ അതിര്‍ത്തി രക്ഷാ സേനയുടെ ആസ്ഥാനം അടച്ചു. ഡല്‍ഹിയിലെ സിജിഎം കോംപ്ലക്‌സില്‍ പ്രവര്‍ത്തികകുന്ന ആസ്ഥാനത്ത് ജോലി ചെയ്യുന്ന ബിഎസ്‌എഫ് ഹെഡ് കോണ്‍സ്റ്റബിളിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
രോഗബാധ കാരണം നേരത്തേ സിആര്‍പിഎഫ് ആസ്ഥാനം പൂര്‍ണമായി അടച്ചതിന് പിറകെയാണ് ബിഎസ്‌എഫ് ഹെഡ്‌ക്വാര്‍ട്ടേഴ്സിലും കോറോണ സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഹെഡ് കോണ്‍സ്റ്റബിളിനെ മെയ് മൂന്നിനാണ് പരിശോധയ്ക്ക് വിധേയമാക്കിയത്. മെയ് ഒന്നിനാണ് ഇദ്ദേഹം അവസാനമായി ഓഫീസിൽ എത്തിയത്.
മുൻകരുതൽ നടപടിയുടെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം 4.00 ഓടെ ആസ്ഥാനം അടച്ചതായി ബിഎസ്‌എഫ് വക്താവ് പറഞ്ഞു. രോഗിയുടെ കോൺടാക്റ്റ് ലിസ്റ്റ് ട്രേസ് ചെയ്തതായും തിരിച്ചറിഞ്ഞ എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രോഗം സ്ഥിരീകരിച്ച ഡല്‍ഹിയിലെ സിജിഎം കോംപ്ലക്സില്‍ സിആർപിഎഫിനും ഓഫിസുണ്ട്. ബിഎസ്‌എഫ് ഡയറക്ടർ ജനറൽ (ഡിജി), മറ്റ് മുതിർന്ന കമാൻഡർമാർ എന്നിവരുടെ കാര്യാലയങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.