ഡൊഡോമ- കോവിഡ് പരിശോധനയില്‍ ടാന്‍സാനിയയില്‍ ആടിനും ആത്തച്ചക്കയ്ക്കും പോസിറ്റീവ് ഫലം ലഭിച്ചതായി പ്രസിഡന്റ് ജോൺ മാഗുഫുലി. പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെ നിരവധി മനുഷ്യേതര സാമ്പിളുകളില്‍ ഇറക്കുമതി ചെയ്ത ടെസ്റ്റിംഗ് കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോഴാണ് വിചിത്രമായ ഫലം ലഭിച്ചത്. ഗുണനിലവാരമില്ലാത്ത ഉപകരണങ്ങള്‍ രാജ്യത്ത് കോവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കേണ്ടിവന്നതിനെ 'വൃത്തികെട്ട ഗെയിം' എന്നാണ് മാഗുഫുലി വിശേഷിപ്പിച്ചത്. കിറ്റുകളുടെ കൃത്യത പരിശോധിക്കാൻ ടാൻസാനിയൻ സുരക്ഷാ സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആത്തച്ചക്ക വര്‍ഗ്ഗത്തില്‍പ്പെടുന്ന പോപോ(Pawpaw) പഴം, ആട്, കാട തുടങ്ങിയവയില്‍ നടത്തിയ കൊറോണ വൈറസ് പരിശോധനയിലാണ് ടാന്‍സാനിയയില്‍ പോസിറ്റീവ് ഫലം നല്‍കിയത്. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി, ഇവയില്‍നിന്ന് ശേഖരിച്ചതാണ് സാമ്പിളുകള്‍ എന്ന് ലാബ് ടെക്നീഷ്യന്‍മാരെ അറിയിക്കാതെ ഈ കിറ്റുകള്‍ ഉപയോഗിച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പല തവണയായി കിറ്റുകള്‍ ഭീമാബദ്ധം വരുത്തുവെച്ചത്.
'ഇതിനർത്ഥം കൊറോണ വൈറസ് ബാധിക്കാത്തവരെപോലും ചിലപ്പോള്‍ കോവിഡ് പോസിറ്റീവ് ആയി കണിക്കാന്‍ സാധ്യതയുണ്ട് എന്നാണ്. ഇറക്കുമതി ചെയ്ത ഈ ഉപകരണങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ട്. ഒരുപക്ഷേ, സാങ്കേതിക വിദഗ്ധരെയും തെറ്റിദ്ധരിപ്പിക്കാൻ ഇതിന് കഴിയും. അട്ടിമറിയാവാനും സാധതയുണ്ട്' രാജ്യത്ത് ഔദ്യോഗിക ടെലിവിഷനില്‍ തല്‍സമയം സംപ്രേഷണം ചെയ്ത പ്രസംഗത്തില്‍ പ്രസിഡന്റ് മാഗുഫുലി പറഞ്ഞു.