സിംഗപ്പൂർ- സിംഗപ്പൂരില്‍ 4,800 ഇന്ത്യക്കാര്‍ക്ക് കോവിഡ് ബാധിച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷണർ ജാവേദ് അഷ്‌റഫ് അറിയിച്ചു. വൈറസ് ബാധിച്ച 4,800 ഇന്ത്യക്കാരിൽ 90 ശതമാനവും തൊഴിലാളികളാണ്, ഇവരിൽ ഭൂരിഭാഗവും ഡോർമിറ്ററികളിലാണ് താമസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“ഇന്ത്യൻ തൊഴിലാളികൾക്കിടയിലെ മിക്കവാറും എല്ലാ അണുബാധകളും രൂക്ഷത കുറഞ്ഞതാണ്. അവരുടെ അവസ്ഥ മെച്ചപ്പെട്ടുവരുന്നു.” ജാവേദ് അഷ്‌റഫ് പിടിഐയോട് പറഞ്ഞു.
പകർച്ചവ്യാധിയെ തുടര്‍ന്ന് രണ്ട് ഇന്ത്യക്കാരാണ് സിംഗപ്പൂരില്‍ മരണപ്പെട്ടത്. ഒരാള്‍ക്ക് മരണാനന്തരം കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഹൃദയസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. കോവിഡ് 19ന് ചികിത്സയില്‍ കഴിയവേ ഒരാള്‍ ആശുപത്രിയിൽ ആത്മഹത്യ ചെയ്യുകയുമുണ്ടായി. കൊറോണ വൈറസുമായി ബന്ധമില്ലാത്ത മറ്റ് ഏഴ് മരണങ്ങളും കോവിഡ് കാലയളവില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ഉണ്ടായതായും സ്ഥാനപതി വ്യക്തമാക്കി. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന 3,500 ഓളം പേർ ഹൈക്കമ്മീഷനിൽ രജിസ്റ്റർ ചെയ്തതായും അദ്ദേഹം അറിയിച്ചു.
18,205 പേര്‍ക്കാണ് സിംഗപ്പൂരില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 18 പേര്‍ മരണപ്പെട്ടതായി സിംഗപ്പൂർ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.