ന്യൂദൽഹി- പ്രമുഖ നിക്ഷേപ സ്ഥാപനമായ സിൽവർ ലേക്ക് റിലയൻസിന്റെ ജിയോ പ്ലാറ്റ്‌ഫോമുകളിൽ 5,656 കോടി രൂപ നിക്ഷേപിക്കും. റിലയൻസ് ഇൻഡസ്ട്രീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോട ജിയോയുടെ മൊത്തം മൂല്യം 4.90 ലക്ഷം കോടി രൂപയായി ഉയരും. ജിയോ പ്ലാറ്റ്‌ഫോമുകളിൽ 43,574 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിൽവർ ലേക്കിന്റെ ഈ നീക്കം. 9.99 ശതമാനം ഓഹരിയാണ് ഫേസ്ബുക്ക് ജിയോയിൽ സ്വന്തമാക്കുക. റിലയൻസിന്റെ ടെലികോം ബിസിനസ്സും, വാർത്ത, സിനിമ, മ്യൂസിക് ആപ്പുകൾ തുടങ്ങിയ എന്റർടെയ്ൻമെന്റ് ബിസിനസ്സുകളുമെല്ലാം ഉൾക്കൊള്ളുന്ന പ്ലാറ്റ്‌ഫോമുകളാണ് ജിയോയുടേത്.