Sorry, you need to enable JavaScript to visit this website.

ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി കൊലപാതങ്ങള്‍ക്കു പിന്നില്‍ ഒരേ സംഘം; സുപ്രധാന തെളിവുകള്‍ ലഭിച്ചു

ബംഗളൂരു- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റേയും കന്നഡ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗിയുടെയും കൊലപാതകങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ സംഘമാണെന്ന് ഗൗരിയുടെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിര്‍ണായക കണ്ടെത്തല്‍. കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടില്ല. ഫോറന്‍സിക്, വെടിവയ്പ്പ് പരിശോധനാ റിപ്പോര്‍ട്ടുകളും ലഭ്യമായിട്ടില്ലെങ്കിലും ഇതുവരെ നടന്ന അന്വേഷണത്തില്‍ ഇരു കൊലപാതകങ്ങള്‍ക്കും പരസ്പര ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് കേസുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. ലഭിച്ച തെളിവുകളെല്ലാം ഊഹാപോഹങ്ങള്‍ക്കപ്പുറമാണെന്നും ഗൗരിയേയും കല്‍ബുര്‍ഗിയേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് സമാന ആയുധങ്ങളാണെന്നും അവര്‍ പറയുന്നു. ഗൗരിയുടെ വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് സുപ്രധാന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു. കര്‍ണാടകയില്‍ ഇതുവരെ നടന്ന സമാനമായ കൊലപാതകങ്ങളും മഹാരാഷ്ട്രയിലുണ്ടായ രണ്ടു കൊലപാതങ്ങളും പരസ്പരം ബന്ധമുള്ളവയാണെന്ന് തീര്‍ത്തും ഉറപ്പാണെന്ന് മുതിര്‍ന്ന പോലീസ് വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

ഗൗരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും കൊലപ്പെടുത്താനുപയോഗിച്ചിരിക്കുന്നത് 7.65 എംഎം നാടന്‍ തോക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടു സംഭവങ്ങളിലും രണ്ടു പേരടങ്ങുന്ന സംഘം ബൈക്കിലെത്തിയാണ് കൃത്യം ചെയ്തത്. ഇരുവരും വീടിനു മുന്നിലാണ് കൊല്ലപ്പെട്ടത്. കല്‍ബുര്‍ഗിയെ വധിക്കാന്‍ ഉപയോഗിച്ച തോക്കിനു സമാനമായ തോക്കാണ് മഹാരാഷ്ട്രയിലെ യുക്തിവാദി നേതാവ് ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്താനും ആക്രമികള്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് കല്‍ബുര്‍ഗി കേസ് അന്വേഷിക്കുന്ന കര്‍ണാടക ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

 

പന്‍സാരെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതന്‍ സന്‍സ്ഥയുടെ കീഴിലുള്ള ഹിന്ദു ജനജാഗ്രിതി സമിതി എന്ന സംഘടനയാണെന്ന് കേസന്വേഷിച്ച സിബിഐയും മഹാരാഷ്ട്ര എസ് ഐ ടിയും കണ്ടെത്തിയിരുന്നു. എന്നാല്‍ വെടിവച്ചവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. എല്ലാ കൊലപാതകങ്ങളിലും ഉപയോഗിച്ച തോക്ക് കൊലയാളികളുടെ കൈവശം തന്നെയാണ്. ഈ ആയുധത്തിലാണ് അന്വേഷണം പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 

 

മറ്റെല്ലാവരും രാവിലെ കൊല്ലപ്പെട്ടപ്പോള്‍ ഗൗരി കൊല്ലപ്പെട്ടത് രാത്രിയാണെന്ന വ്യത്യാസം മാത്രമെ ഈ കൊലപാതകക്കേസുകളില്‍ ഉള്ളൂ. കര്‍ണാടകയിലെ സനാതന്‍ സന്‍സ്ഥയും ഹിന്ദു ജനജാഗ്രിതി സമിതിയും പോലീസിന്റെ നിരീക്ഷണത്തിലാണ്. 

 

Latest News