റിയാദ്- എട്ട് പതിറ്റാണ്ട് മുമ്പ് പണിത ശഖ്‌റയിലെ മസ്ജിദ് സുദൈറ പുതുക്കിപ്പണിയുന്നു. പത്ത് പ്രവിശ്യകളിലായി 30 ചരിത്രപ്രധാന മസ്ജിദുകൾ പുതുക്കിപ്പണിയാനുള്ള കിരീടാവകാശിയുടെ പദ്ധതിയിലുൾപ്പെടുത്തിയാണ് സൂദൈറ മസ്ജിദിന്റെ പുനർനിർമാണം നടക്കുന്നത്.
ഹിജ്‌റ 1356 ലാണ് ശഖ്‌റയിലെ ഓൾഡ് അത്വ്ഫിയ്യയിൽ ഈ ചരിത്ര പ്രധാന്യമുള്ള മസ്ജിദ് നിർമിച്ചത്. നമസ്‌കാരത്തിനും മറ്റു ആരാധനാ കർമങ്ങൾക്കും മാത്രമായിരുന്നില്ല അന്നവർക്ക് ഈ മസ്ജിദ്. മറിച്ച് ഗ്രാമവാസികൾക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും എഴുത്തും വായനയും പഠിക്കാനും ഖുർആൻ പഠനത്തിനും കൂടിയായിരുന്നു.
കുഴച്ച മണ്ണും കല്ലും കൊണ്ട് പടുത്തുയർത്തി ഈത്തപ്പനയുടെയും കാറ്റാടി മരത്തിന്റെയും തടികൾ കൊണ്ട് മേൽക്കൂരയും പണിതാണ് പള്ളിയാക്കിയത്. 160 പേർക്ക് നമസ്‌കരിക്കാവുന്ന ഈ പള്ളിക്ക് 500 ചതുരശ്ര മീറ്ററാണ് വിസ്തൃതിയുള്ളത്.
നമസ്‌കാര ഹാൾ, നടുമുറ്റം, ടോയ്‌ലറ്റ്, 10 മീറ്റർ ഉയരമുള്ള ചതുരാകൃതിയിലുള്ള മിനാരം എന്നിവ ഈ കെട്ടിടത്തിലുണ്ട്. നവീകരണം പൂർത്തിയായാൽ സ്ത്രീകൾക്ക് നമസ്‌കരിക്കാനുള്ള സ്ഥലവും ടോയ്‌ലറ്റുകളും 347 പേർക്ക് നമസ്‌കാര സൗകര്യവുമുണ്ടാവും.