Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട്  ബ്ലാക്ക്മാനായി ഭീതിപടര്‍ത്തിയ ആള്‍ പിടിയില്‍

കോഴിക്കോട്-നഗരത്തിന്റെ വിവിധയിടങ്ങളില്‍ ബ്ലാക്ക്മാനായി ഭീതി പടര്‍ത്തിയ ആള്‍ പിടിയില്‍. തലശേരി സ്വദേശി അജ്മലാണ് കസബ പോലീസിന്റെ പിടിയിലായത്. പിടികൂടിയതിനു ശേഷം നഗരത്തിലെ പതിനെട്ടിടങ്ങളില്‍ രാത്രിയിലെത്തി വീടിന്റെ ജനല്‍ച്ചില്ല് തകര്‍ക്കുകയും ബഹളം വച്ചു കടന്നുകളയുകയും ചെയ്തതു താനാണെന്ന് അജ്മല്‍ പൊലീസിനോട് സമ്മതിച്ചു.
സ്ത്രീകള്‍ക്കു മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതായിരുന്നു അജ്മലിന്റെ ഇഷ്ടവിനോദം. അജ്മലിന്റെ കുറ്റസമ്മതത്തിനു കൃത്യമായ തെളിവാണ് സിസിടിവി ദൃശ്യങ്ങളെന്ന് പൊലീസ് വ്യക്തമാക്കി.
കൊയിലാണ്ടി സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു പീഡന കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്ന അജ്മല്‍ കോവിഡ് ഇളവിലാണ് മോചിതനായത്. രാത്രികാലങ്ങളില്‍ വീടുകളിലും വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി സ്ത്രീകള്‍ക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രതിക്കു വേണ്ടി ഒരാഴ്ചയായി പോലീസ് തിരച്ചിലിലായിരുന്നു. കസബ പോലീസ് സാഹസികമായാണ് പിടികൂടിയത്.
വിവസ്ത്രനായാണ് പ്രതി നഗരത്തില്‍ പ്രത്യക്ഷപ്പെടാറുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ അത് വ്യക്തമാണ്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനു നേരെ നടത്തിയ ലൈംഗിക അതിക്രമത്തിന് ടൗണ്‍ സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. രാത്രി കല്ലായി റോഡിലെ ഒരു വീട്ടില്‍ പ്രതിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. പുലര്‍ച്ചെ നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സ് പരിസരത്തു വച്ച് കസബ സിഐ ബിനു തോമസ് എസ്‌ഐ സിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.ഇയാളില്‍നിന്ന് 25 മൊബൈല്‍ ഫോണുകളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
 

Latest News