Sorry, you need to enable JavaScript to visit this website.

87 രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്ന് കയറ്റി അയച്ചു

ന്യൂദല്‍ഹി- ലോകത്താകമാനം കോവിഡ് ഭീതിവിതച്ച് നിയന്ത്രണാധീതമായി പടരുമ്പോള്‍ കോവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് പറയപ്പെടുന്ന മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍  87 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരിക്കുകയാണ് ഇന്ത്യ.
രോഗികളുടെ എണ്ണം കൂടിയതോടെ അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്ന രാജ്യങ്ങളില്‍പ്പോലും മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ മരുന്നുകള്‍ കയറ്റുമതി ചെയ്തിരിക്കുന്നത്. 87 രാജ്യങ്ങള്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ 28 ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ (എച്ച്‌സിക്യു) ഗുളികകള്‍, 19 ലക്ഷം പാരസെറ്റമോള്‍ എന്നിവ ഇന്ത്യ നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.
ഇന്ത്യ ഇതിനോടകം 25 രാജ്യങ്ങള്‍ക്ക് 28 ലക്ഷം എച്ച്‌സിക്യു ടാബ്ലെറ്റുകള്‍ സഹായമായി നല്‍കിയിട്ടുണ്ട്. ഏകദേശം 19 ലക്ഷം പാരസെറ്റമോള്‍ 31 രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് എംഇഎയുടെ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകളാണ് അയച്ചത്. നേപ്പാള്‍ 10 ലക്ഷം, ഭൂട്ടാന്‍ രണ്ട് ലക്ഷം, ശ്രീലങ്ക 10 ലക്ഷം, അഫ്ഗാനിസ്ഥാന്‍ 5 ലക്ഷം, മാലിദ്വീപ് രണ്ട് ലക്ഷം എന്നിങ്ങനെ പോകുന്നു കണക്കുകള്‍.
യു.എസ്.എ, സ്‌പെയിന്‍, ജര്‍മ്മനി, ബഹ്‌റൈന്‍, ബ്രസീല്‍, ഇസ്രായേല്‍, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവയുള്‍പ്പെടെ 13 രാജ്യങ്ങളെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വിതരണം ചെയ്യുന്നതിനായി ഇന്ത്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മലേറിയ വിരുദ്ധ മരുന്നിന്റെ പ്രധാന ഉല്‍പാദന കേന്ദ്രമാണ് ഇന്ത്യ. നിലവിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രാജ്യത്ത് ആവശ്യത്തിന് എച്ച്‌സിക്യു ഗുളികകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
 

Latest News