ചെന്നൈ- ജയിലില്‍ കഴിയുന്ന ശശികലയേയും ബന്ധു ടിടിവി ദിനകരനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതടക്കമുള്ള സുപ്രധാന തീരുമാനങ്ങളെടുക്കുന്ന അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗം ചെന്നൈയില്‍ ആരംഭിച്ചു. ഈ യോഗം തടയാന്‍ ശശികല പക്ഷം കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പിഴയോടെ ആവശ്യം തള്ളിയിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നേതൃത്തില്‍ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ എ്ല്ലാ ഘടകങ്ങളുടേയും നേതാക്കളും ജില്ലാ, പഞ്ചായത്ത്, ടൗണ്‍ കമ്മിറ്റി നേതാക്കളും അടക്കം 1300-ഓളം പേരെ ക്ഷണിച്ചിട്ടുണ്ട്. ആയിരത്തിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറി ശശികലയേയും ദിനകരനേയും പുറത്താക്കിയാല്‍ വിശ്വാസ പ്രമേയത്തിലൂടെ സര്‍ക്കാരിനെ മറിച്ചിടുമെന്ന ഭീഷണിയുമായി ശശികല പക്ഷ നേതാക്കള്‍ രംഗത്തുണ്ട്. അതേസമയം ഇവരെ പുറത്താക്കിയാല്‍ ഈ പക്ഷം ദുര്‍ബലമാകുമെന്നും കൂടുതല്‍ പേര്‍ ഔദ്യോഗിക പക്ഷത്തെത്തും എന്നുമാണ് കണക്കു കൂട്ടല്‍. അണ്ണാ ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷമെ ആയിട്ടുള്ളൂ എന്നതിനാല്‍ അധികാരം നഷ്ടപ്പെടുത്തി എംഎല്‍എമാര്‍ വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കില്ലെന്ന പ്രതീക്ഷയിലാണ പളനിസാമി പക്ഷം.
ഔദ്യോഗിക പക്ഷ നേതാവും പാര്‍ട്ടി പ്രസീഡിയം അധ്യക്ഷനുമായ ഇ മധുസൂനനാണ് ജനറല്‍ കൗണ്‍സില്‍ യോഗം നിയന്ത്രിക്കുക. എല്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും ജില്ലാ നേതാക്കളും യൂണിയനുകളുടെ സെക്രട്ടറിമാരും, ടൗണ്‍, ഏരിയ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും മറ്റു സംസ്ഥാനങ്ങളിലെ നേതാക്കന്മാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
10 പ്രമേയങ്ങളെങ്കിലും യോഗത്തില്‍ ചര്‍ച്ച ചെയ്തു പാസാക്കുമെന്ന് ഒരു മുതിര്‍ന്ന മന്ത്രി പറഞ്ഞു. ശശികലയേയും ദിനകരേയും പുറത്താക്കാനുള്ള സുപ്രധാന പ്രമേയത്തിനു പുറമെ കാവേരി നദി തര്‍ക്കം, ശ്രീലങ്കന്‍ തീരത്തെ തമിഴ് മത്സ്യബന്ധന തൊഴിലാളികളുടെ പ്രശ്‌നം, വി്ദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ചാണ് പ്രമേയങ്ങള്‍. പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ശശികലയെ നീക്കം തചെയ്ത് പൂര്‍ണ അധികാരം മുഖ്യമന്ത്രി പളനിസാമിക്കും ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിനും നല്‍കും.
സ്പീക്കറെ കൂടാതെ 134 അണ്ണാ ഡിഎംകെ എംഎല്‍എമാരാണ് 234 അംഗ തമിഴ്‌നാട് നിയമസഭയിലുള്ളത്. ഇവരില്‍ 21 പേര്‍ ദിനകര പക്ഷത്താണെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ക്ക് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഡിഎംകെ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രതിപക്ഷ സഖ്യത്തിന് 98 എംഎല്‍എമാരും ഉണ്ട്.