ലണ്ടന്‍- കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ തന്റെ മരണം പ്രഖ്യാപിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വെളിപ്പെടുത്തി. സണ്‍ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് കോവിഡ് ചകിത്സയുടെ വിവരങ്ങള്‍ അദ്ദേഹം വിശദീകരിച്ചത്.
ദുഷ്‌കരമായ ഒരു കാലമായിരുന്നു അതെന്നത് നിഷേധിക്കില്ല. കാര്യങ്ങള്‍ തെറ്റായി സംഭവിച്ചാല്‍ എന്തുചെയ്യണമെന്നത് സംബന്ധിച്ച് എല്ലാ ക്രമീകരണങ്ങളും ഡോക്ടര്‍മാര്‍ നടത്തിയിരുന്നു. സ്റ്റാലിന്റെ മരണം കൈകാര്യം ചെയ്തതുപോലുള്ള തന്ത്രങ്ങളാണ് അവര്‍ ആവിഷ്‌കരിച്ചിരുന്നത്. ആ സമയത്ത് ഞാന്‍ നല്ല അവസ്ഥയിലായിരുന്നില്ല. ഇതുകൊണ്ടാണ് ആകസ്മികമായ സന്ദര്‍ഭങ്ങളെ നേരിടാനുള്ള തയാറെടുപ്പുകള്‍ അവര്‍ നടത്തിയത്- ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
പക്ഷെ മരിക്കാന്‍ പോകുകയാണെന്ന തോന്നല്‍ തനിക്കൊരിക്കലും ഉണ്ടായിരുന്നില്ലെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. സുഖം പ്രാപിക്കാത്തതിന്റെ അസ്വസ്ഥതകളിലായിരുന്നു താന്‍. എന്നാല്‍ ശ്വാസനാളത്തിലേക്ക് കൃത്രിമ ശ്വാസത്തിനായുള്ള കുഴലിറക്കി വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കാനായി ഡോക്ടര്‍മാര്‍ ഒരുങ്ങിയപ്പോഴാണ് യഥാര്‍ഥ അവസ്ഥ മനസ്സിലായത്. തന്നെ ബാധിച്ച രോഗത്തെ ആദ്യം ഗൗരവത്തില്‍ കണ്ടിരുന്നില്ലെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
കോവിഡ് സ്ഥിരീകരിച്ച ബോറിസ് ജോണ്‍സന് നേരിയ ലക്ഷണങ്ങളേ ആദ്യ ഘട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് ദിവസം ഓക്‌സിജന്‍ നല്‍കിയിരുന്നു.
ബ്രിട്ടനില്‍ തുടരുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെങ്കില്‍ അഞ്ച് പ്രധാന പരിശോധനകള്‍ പൂര്‍ത്തിയാകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. കോവിഡിന്റെ ആക്രമണം വീണ്ടും ഉണ്ടാകില്ലെന്ന് ദേശീയ ആരോഗ്യ മിഷന്‍ ഉറപ്പുവരുത്തണമെന്നതാണ് ഇതില്‍ അവസാനത്തേത്. കോവിഡ് പരിശോധന കൂടുതല്‍ വ്യാപിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ദിവസം മൂന്ന് ലക്ഷം ടെസ്റ്റുകളെങ്കിലും നടത്തണമെന്നാണ് ബ്രിട്ടന്‍ നേരത്തെ തീരുമാനിച്ചിരുന്നത്.