ന്യൂദല്‍ഹി- കോവിഡ് പശ്ചാത്തലത്തില്‍ ആദായ നികുതി തിരികെ നല്‍കുന്നുവെന്ന സന്ദേശമയച്ച് നികുതി ദായകരെ കബളിപ്പിക്കാന്‍ ഹാക്കര്‍മാരുടെ ശ്രമം. ഇത്തരം സന്ദേശങ്ങള്‍ വിശ്വസിച്ച് അവര്‍ നല്‍കുന്ന വെബ് സൈറ്റ് ലിങ്കുകള്‍ തുറക്കരുതെന്ന് ഇന്‍കം ടാക്‌സ് അധികൃതര്‍ അറിയിച്ചു.
കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിന് നികുതി തിരികെ നല്‍കുന്നുവെന്ന സന്ദേശം എസ്.എം.എസ് ആയാണ് നികുതിദായകര്‍ക്ക് ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണെന്നും നികുതി ഇളവ് ലഭിക്കാനും പണം തിരികെ ലഭിക്കാനും വെബ് സൈറ്റ് തുറന്ന് അപേക്ഷിക്കണമെന്നാണ് എസ്.എം.എസില്‍ ആവശ്യപ്പെടുന്നത്.
ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് നടത്താനുള്ള ശ്രമമാണിതെന്നും ആദായ നികുതി വകുപ്പ് ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നില്ലെന്നും ഇന്‍കം ടാക്‌സ് വകുപ്പ് ട്വിറ്ററില്‍ പറഞ്ഞു.